കടമ്പാട്ടുകോണത്ത് അപകടങ്ങള്‍ തുടര്‍ക്കഥ: ഒരാഴ്ചക്കിടെ പൊലിഞ്ഞത്ത് മൂന്ന് ജീവന്‍

ktmACCIDENTപാരിപ്പളളി: ദേശീയപാതയില്‍ കടമ്പാട്ടുകോണത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു . ഒരാഴ്ചക്കിടയില്‍ ഇവിടെ ഉണ്ടായ വിവിധഅപകടങ്ങളില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. പാരിപ്പളളിക്കുംകല്ലമ്പലത്തിനും ഇടയില്‍  അപകടങ്ങള്‍ നിത്യസംഭവമായിരിക്കുകയാണ് . കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ഉണ്ടായ വാഹനാപകടത്തില്‍ എസ് ഐ കൊല്ലം പെരിനാട് വെളളിമണ്‍ വിശാല്‍ ഭവനില്‍ വിശ്വനാഥന്‍ (48) തല്‍ക്ഷണം മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിശ്വനാഥനെ എതിരെ വന്ന ടെമ്പോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാര്‍ വിശ്വനാഥനെ പാരിപ്പളളി ഇ എസ് ഐ ആശുപത്രിയിലെത്തിച്ചു.  ഒരാഴ്ചക്കിടെ ദേശീയപാതയില്‍ ജീവന്‍ നഷ്ടപ്പെടുന്ന മൂന്നാമനാണ് വിശ്വനാഥന്‍ . രണ്ട് ദിവസം മുന്‍പ് രാത്രിയില്‍ ടെമ്പോയും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഈ അപകടത്തിന് രണ്ട് ദിവസം മുന്‍പ് ഇവിടെ കെ എസ് ആര്‍ ടി സി ബസ് ഉള്‍പ്പടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും ദേശീയപാതയിലെ വളവില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനോ മുന്‍പ് ഇവിടെ അപകടങ്ങള്‍ ഉണ്ടായപ്പോള്‍ രൂപീകരിച്ചിരുന്ന ജാഗ്രതസമിതികള്‍ പുനര്‍ ജീവിപ്പിക്കാനോ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ പരക്കെ പ്രതിഷേധം ഉയരുന്നു. കൊല്ലം – തിരുവനന്തപുരം അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് അപകടങ്ങള്‍ നിത്യസംഭവമായിരിക്കുമ്പോള്‍ പോലീസും അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.

Related posts