ഭുവനേശ്വര്: 40-ാമത് ദേശീയ ജൂണിയര് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ കേരളത്തിന് ഇരട്ട സ്വര്ണം. രണ്ട് സ്വര്ണം ഉള്പ്പെടെ അഞ്ച് മെഡല് കേരളം ഇന്നലെ സ്വന്തമാക്കി. ഇതോടെ ചാമ്പ്യന്ഷിപ്പില് കേരളത്തിന്റെ ആകെ മെഡല് സമ്പാദ്യം ആറ് ആയി.
ഇന്നലെ അണ്ടര് 20 ആണ്കുട്ടികളുടെ 400 മീറ്ററില് മുഹമ്മദ് അഷ്ഫാഖിലൂടെയാണ് ആദ്യ സ്വര്ണം എത്തിയത്. 46.87 സെക്കന്ഡില് അഷ്ഫാഖ് സ്വര്ണത്തില് മുത്തമിട്ടു. അണ്ടര് 20 ആണ്കുട്ടികളുടെ ഡെക്കാത്തലണിലായിരുന്നു കേരളത്തിന്റെ ഇന്നലത്തെ രണ്ടാം സ്വര്ണം. 6633 പോയിന്റ് നേടി ജിനോയ് ജയന് കേരള അക്കൗണ്ടില് സ്വര്ണമെത്തിച്ചു.
അണ്ടര് 20 വനിതകളുടെ 100 മീറ്റര് ഹര്ഡില്സിലായിരുന്നു വെള്ളി നേട്ടം. കേരളത്തിനായി ആദിത്യ അജി 14.27 സെക്കന്ഡില് ഫിനിഷിംഗ് ലൈന് കടന്ന് വെള്ളി അണിഞ്ഞു. തമിഴ്നാടിന്റെ ഷിനി ഗ്ലാഡസിയയ്ക്കാണ് (14.03) സ്വര്ണം.
അണ്ടര് 20 ആണ്കുട്ടികളുടെ 110 മീറ്റര് ഹര്ഡില്സില് കേരളത്തിന്റെ കെ. കിരണ് വെങ്കലം സ്വന്തമാക്കി. മീറ്റ് റിക്കാര്ഡിനൊപ്പമുള്ള പ്രകടനത്തോടെ മഹാരാഷ്ട്രയുടെ സെയ്ഫ് ചാഫേക്കര് (13.92) സ്വര്ണം സ്വന്തമാക്കി. മീറ്റ് റിക്കാര്ഡ് തകര്ന്ന അണ്ടര് 20 വനിതാ പോള്വോള്ട്ടില് കേരളത്തിന്റെ ജീന ബേസില് വെങ്കലം സ്വന്തമാക്കി. 3.55 മീറ്ററാണ് ജീന ക്ലിയര് ചെയ്തത്. വന്ശിക ഘാന്ഗാസ് കുറിച്ച 3.76 മീറ്റര് എന്ന റിക്കാര്ഡ് തിരുത്തി തമിഴ്നാടിന്റെ കാര്ത്തിക (3.80) സ്വര്ണമണിഞ്ഞു.