ഒരു കലണ്ടര് വര്ഷത്തില് ക്യാപ്റ്റനായി ഏറ്റവും കൂടുതല് സെഞ്ചുറി എന്ന വിരാട് കോഹ്ലിയുടെ ലോക റിക്കാര്ഡിനൊപ്പം ശുഭ്മാന് ഗില്. 2025ല് ശുഭ്മാന് ഗില്ലിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ ഡല്ഹിയില് വിന്ഡീസ് എതിരേ പിറന്നത്.
2017, 2018 വര്ഷങ്ങളില് കോഹ്ലി അഞ്ച് സെഞ്ചുറി വീതം നേടിയിരുന്നു. അതേസമയം, ക്യാപ്റ്റനായി ചുമതലയേറ്റ വര്ഷം ഏറ്റവും കൂടുതല് സെഞ്ചുറി എന്ന റിക്കാര്ഡ് ശുഭ്മാന് ഗില് സ്വന്തം പേരില് കുറിച്ചു. ടെസ്റ്റ് ക്യാപ്റ്റന് എന്നനിലയില് ഏറ്റവും കുറവ് ഇന്നിംഗ്സില് അഞ്ച് സെഞ്ചുറി നേടുന്നതില് ഓസ്ട്രേലിയന് ഇതിഹാസം ഡൊണാള്ഡ് ബ്രാഡ്മാനെ (13 ഇന്നിംഗ്സ്) ഗില് മറികടന്ന് മൂന്നാമതെത്തി.
12-ാം ഇന്നിംഗ്സിലാണ് ഗില് അഞ്ചാം സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിന്റെ അലിസ്റ്റര് കുക്ക് (9 ഇന്നിംഗ്സില്) ഇന്ത്യയുടെ സുനില് ഗാവസ്കര് (10 ഇന്നിംഗ്സില്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്.
ക്യാപറ്റന്റെ ശരാശരി
ക്യാപ്റ്റന് എന്ന നിലയില് ശുഭ്മാന് ഗില്ലിന്റെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി 84.81 ആണ്. ചുരുങ്ങിയത് ഏഴ് ടെസ്റ്റില് ക്യാപ്റ്റനായവരുടെ കണക്കാണിത്. ഡൊണാള്ഡ് ബ്രാഡ്മാന് മാത്രമാണ് ഗില്ലിനു മുന്നില് ഇക്കാര്യത്തിലുള്ളത്.
ക്യാപ്റ്റന് എന്ന നിലയില് ബ്രാഡ്മാന്റെ ബാറ്റിംഗ് ശരാശരി 101.51 ആണ്. ശ്രീലങ്കയുടെ കുമാര് സംഗക്കാര (69.60), ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (68.98) എന്നിവരാണ് പട്ടികയില് മൂന്നും നാലും സ്ഥാനങ്ങളില്.