കണ്ണിനു കുളിര്‍മ പകര്‍ന്ന് കീഴാര്‍കുത്ത്

keezhar0611കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളില്‍ പലതും പുറംലോകം  അറിയുന്നില്ല. പക്ഷേ, കേരളത്തിലെ പല പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അകലെ മലമുകളിലൂടെ താഴ്‌വാരത്തിലേക്ക് എടുത്തു ചാടി സാഹസം കാണിക്കുന്ന വെള്ളച്ചാട്ടങ്ങളെ എന്തു പേരു ചൊല്ലിയാണ് വിളിക്കേണ്ടത്. ഇതാണ് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടം. മലയിഞ്ചി എന്ന മനോഹരമായ ഗ്രാമത്തിലും ഇത്തരമൊരു മനോഹര ദൃശ്യമുണ്ട്. വെള്ളം വളരെ ഉയരത്തില്‍ നിന്നും താഴേക്കു പതിക്കുന്നകാഴ്ച  വളരെ മനോഹരമായിരുന്നു.

വേനല്‍ക്കാലമായതിനാല്‍ വെള്ളം വളരെ കുറവായിരുന്നു. എങ്കിലും കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ചയായിരുന്നു അത്. ഭക്ഷണം കഴിച്ചും വെള്ളത്തില്‍ ചാടിയും പുതിയൊരു ലോകത്തില്‍ എത്തിച്ചേരുന്ന അവസ്ഥ. വെള്ളത്തിനു നല്ല തണുപ്പാണ്. വെള്ളച്ചാട്ടത്തിന്റെ സ്വരം സംഗീതം പോലെ അലയടിക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ക്കു ഉത്സവമേളമാണ്. മനസും ശരീരവും തണുപ്പിച്ചു കടന്നു പോകാന്‍ സാധിക്കുന്നുവെന്നതാണ് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. വനത്തിനുള്ളില്‍ പാറയ്ക്കുമുകളിലൂടെ ഒഴുകി വരുന്ന ശക്തമായ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ മാത്രം നിരവധി ആളുകളാണ് എത്തുന്നത്. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുതിച്ചാര്‍ക്കുന്ന പുഴ ഇവിടെ അസാധാരണ സൗന്ദര്യമുള്ളൊരു വെളളച്ചാട്ടം സൃഷ്ടിക്കുന്നു. വര്‍ഷം മുഴുവനും വെള്ളച്ചാട്ടം നിലനില്‍ക്കുകയും ചെയ്യുന്നു.

മലകയറ്റത്തിന് പറ്റിയ സ്ഥലമാണിത്. കീഴാര്‍ക്കുത്തിന്റെ പരിസരം ഔഷധസസ്യങ്ങളാല്‍ സമൃദ്ധമാണ്. പാറകളും മരങ്ങളും നിറഞ്ഞ പ്രദേശം ടൂറിസത്തിനു വളരെ സാധ്യതയുള്ള സ്ഥലമാണ്. തൊടുപുഴയില്‍ നിന്നും 25 കിലോമീറ്ററാണ് കീഴാര്‍ക്കുത്തിലേക്കുള്ളത്. മലയിഞ്ചിയില്‍ നിന്നും ജീപ്പിലൊരു ട്രക്കിംഗ് സുഖകരമായി നടത്താം. ആദിവാസി ജനവിഭാഗത്തിന്റെ സഹായത്തോടെ ഇതു സാധ്യമാകുന്നതാണ്. വന്യമൃഗങ്ങളുടെ ശല്യമൊന്നുമില്ല. ചെറിയ ജീവികളാണ് ഈ കാട്ടിലുള്ളത്.  സംഘമായി വരുന്നവര്‍ക്കു വളരെ സന്തോഷകരമായ ഒരു ദിവസമായിരിക്കും. പ്രകൃതിഭംഗി ആവോളം ആസ്വദിച്ചു തിരിച്ചു പോകാന്‍ സാധിക്കും. ജില്ലാ ടൂറിസം പ്രമോഷന്റെ സഹായവും ഇതിനായി വിനോദസഞ്ചാരികള്‍ക്കു ലഭിക്കും.

കാനനഭംഗിയോടൊപ്പം മനോഹരമായ വെള്ളച്ചാട്ടത്തിന്റെ വിസ്മയം അടുത്തറിയുന്നതിനുള്ള അവസരമാണ് കീഴാര്‍കുത്ത് ഒരുക്കുന്നത്. ട്രക്കിംഗും, അഡ്വഞ്ചര്‍ യാത്രകളും ഇഷ്ടപ്പെടുന്ന ഏതൊരാള്‍ക്കും നിസംശയം തെരഞ്ഞെടുക്കാവുന്ന കീഴാര്‍ കുത്ത് പ്രകൃതിയുടെ വരദാനമാണ്. ജില്ലയുടെ ആസ്ഥാനമായ പൈനാവിനു സമീപത്തു നിന്നും ചെറുചാലുകളായി ആരംഭിക്കുന്ന അരുവി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കീഴാര്‍ക്കുത്ത് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുകയാണ്. 10 കിലോമീറ്ററോളം നിബിഡ വനത്തിലൂടെ കാല്‍ നടയായി സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇവിടേക്കുള്ള വഴിയുടെ ആരംഭത്തിലുള്ള മലയിഞ്ചി പ്രദേശം തേക്കിന്‍ കൂപ്പിനാല്‍ സമൃദ്ധമാണ്. മുന്‍ കാലങ്ങളില്‍ ആളുകള്‍ ഇതുവഴി കാല്‍നടയായി ഇടുക്കിയിലേക്ക് സഞ്ചരിക്കാറുണ്ടായിരുന്നു. ജില്ലാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കുളമാവ് വനത്തിലൂടെ നടക്കാന്‍ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് കീഴാര്‍ക്കുത്ത് സമ്മാനിക്കുന്നത്. റെയിന്‍ബോ വാട്ടര്‍ ഫാള്‍ എന്ന പേരിലും ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു. 1500 മീറ്റര്‍ ഉയരത്തില്‍ നിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളം, നാം നോക്കിയാല്‍ പാലരുവിയായേ തോന്നു. വര്‍ഷം മുഴുവന്‍ ഒരേ ശക്തിയില്‍ വെള്ളം താഴേക്ക് പതിക്കുന്നതിനാലാണു മിക്ക സഞ്ചാരികളും കീഴാര്‍ കുത്ത് തിരഞ്ഞെടുക്കുന്നത്.

എങ്കിലും കീഴാര്‍ കുത്തിനെ പറ്റി പ്രദേശവാസികള്‍ക്കുപോലും കൂടുതല്‍ അറിയില്ല. കാടിന്റെ മനോഹാരിത അറിയുന്നതിനായി എത്തുന്നവര്‍ പറഞ്ഞുള്ള അറിവു മാത്രമാണ് പുറം ലോകത്തിന് ലഭിക്കുന്നത്. മുമ്പ് ആദിവാസികള്‍ നിരവധി ഉണ്ടായിരുന്ന ഇവിടെ നിന്നും മാറി ഉള്‍ക്കാടുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ആദിവാസികളെ തന്നെ വഴികാണിക്കാന്‍ തെരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. പ്രാചീന കാലത്തു മാറാരോഗങ്ങള്‍ ഉള്ളവര്‍ക്കു മരുന്നുകള്‍ ശേഖരിക്കാന്‍ ആദിവാസികളും വൈദ്യന്‍മാരും ഇവിടങ്ങളില്‍ എത്താറുണ്ടായിരുന്നു. ഔഷധ പ്രാധാന്യമുള്ള ധാരാളം സസ്യങ്ങള്‍ മുളയ്ക്കുന്ന ഹരിത വനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിന് ചുറ്റും. അഡ്വഞ്ചര്‍ ടൂറിസം ഇഷ്ട്ടപ്പെടുന്നവരെ, കീഴാര്‍ കുത്ത് ഒരിക്കലും നിരാശപ്പെടുത്തില്ല. ട്രക്കിംഗ്, ക്യാമ്പിംഗ്, റോക്ക് ക്ലൈബിംഗ്, മൗണ്ട്‌നീയറിംഗ് എന്നീ സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ ഇടമാണ് ഈ പ്രദേശം. പച്ചപ്പ് തിങ്ങിയ കൈതപ്പാറ മലനിരകളിലാണ് സുന്ദരമായ കീഴാര്‍കുത്ത് വെള്ളച്ചാട്ടം. 1500 മീറ്ററോളം ഉയരത്തില്‍ നിന്നും അഹങ്കാരത്തോടെ പാറക്കൂട്ടങ്ങളില്‍ പതിക്കുന്ന വെള്ളച്ചാട്ടം കാഴ്ച്ചക്കാരന്റ ഹൃദയത്തെ ഒരു നിമിഷത്തേക്ക് നിശ്ചലമാക്കുന്നു. നിബിഡമായ വനത്തിലൂടെ കീഴാര്‍ കുത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. ഒരു ദിവസം മുഴുവന്‍ നാടിന്റെ ദൃശ്യങ്ങളിലും ശബ്ദങ്ങളിലും സ്വയം മറക്കാനുള്ള അപൂര്‍വ അവസരമാണ് ഇതൊരുക്കുന്നത്.

ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കാട്ടുവള്ളികളും അനേകം വന്‍ മരങ്ങളും പേരറിയാത്ത കാട്ടുപൂക്കളുടെ സുഗന്ധവും ഏതൊരു സഞ്ചാരിയേയും ത്രസിപ്പിക്കുന്നു. ഭാഗ്യമുണെ്ടങ്കില്‍ കാട്ടാനക്കൂട്ടങ്ങളെ അടുത്ത് കാണാം. എന്നാല്‍ ഒറ്റയാന്മാരെ സൂക്ഷിച്ച് വേണം കാട്ടിലൂടെ നടക്കാന്‍. കാട്ടുപന്നികളുടെയും, മുള്ളന്‍പന്നികളുടെയും ശല്യമുണ്ടാകും. ചോര കുടിയന്മാരായ മൂന്നിനം തോട്ടപ്പുഴുക്കളുടെ ആവാസ കേന്ദ്രം കൂടിയാണിവിടം. ഇക്കാരണത്താല്‍ തോട്ടപ്പുഴുവിനെ നേരിടുന്നതിനുള്ള മരുന്നുകളോ, ഉപ്പോ കൈകളില്‍ സൂക്ഷിക്കുന്നത് ഉത്തമമാണ്. യാത്രയുടെ ക്ഷീണമകറ്റാന്‍ കാട്ടുചോലകളില്‍ കുളിക്കാനും അവസരമുണ്ട്. ഇരുട്ട് വീഴുമ്പോള്‍ കാട് കൂടുതല്‍ നിഗൂഢമാകും. മലനിരകളുടെ മുകളിലെത്തിയാല്‍ ആദിവാസിക്കുടിലുകള്‍ കാണാം. രാത്രിയില്‍ തങ്ങുന്നതിനായും ക്യാമ്പ് ഫയര്‍ നടത്തുന്നതിനുമായി ഭീമന്‍ പാറയിടുക്കുകളില്‍ താമസിക്കുന്നതിനും അവസരമുണ്ട്. 20 മുതല്‍ 30 പേര്‍ക്കു വരെ താമസിക്കുവാന്‍ സാധിക്കുന്ന പാറ അള്ളുകളും നിറഞ്ഞതാണ് കാട്. രാത്രി ഇവിടെ തങ്ങാനാവും. പ്രഭാതത്തില്‍ സൂര്യപ്രകാശം വീഴുന്ന ദൃശ്യം ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. ജലപാതത്തിന്റെ ഭയാനക ശബ്ദം അടുക്കുന്തോറും കൂടി വരും. പിന്നെയത് ഞെട്ടിക്കുന്ന അലര്‍ച്ചയാകും.

കൊടുംവേനലിലും വറ്റാത്ത ജീവന്റെ ഉറവയാണിത്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത അനുഭവിക്കാന്‍ എത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങള്‍ നല്‍കുന്നതിനു പ്രദേശവാസികളും തയ്യാറാണ്. തൊടുപുഴയില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കീഴാര്‍ കുത്തിലെത്താം. തൊടുപുഴയില്‍ നിന്നും മലയിഞ്ചി എന്ന സ്ഥലത്തേക്ക് ബസുകള്‍ കിട്ടും. മലയിഞ്ചിയില്‍ നിന്നും 10 കിലോ മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചു വേണം കീഴാര്‍ കുത്തിലെത്തുവാന്‍. ഉടുമ്പന്നൂരില്‍ നിന്നും മലയിഞ്ചിയിലേക്ക് ജീപ്പുകള്‍ കിട്ടും.

Related posts