കണ്ണൂര്‍: നാമനിര്‍ദേശപത്രിക പൂര്‍ത്തിയായപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ അപരന്മാരുടെ ഭീഷണിക്ക് ഇത്തവണയും കുറവില്ല. മുന്നണി സ്ഥാനാര്‍ഥികളില്‍ പലര്‍ക്കുമെതിരേ അവരുടെ പേരിനോടു സാമ്യമുള്ളവര്‍ പത്രിക നല്കി. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിക്കു രണ്ട് അപരന്മാരാണുള്ളത്. രണ്ടുപേരുടെയും പേര് കെ.എം. ഷാജി എന്നാണ്. അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിന്റെ പേരിനോടു സാമ്യമുള്ള രണ്ടുപേരും പത്രിക നല്‍കിയിട്ടുണ്ട്. പി. നിധീഷും പി. നികേതും.
കൂത്തുപറമ്പിലും ഇടതുവലതു സ്ഥാനാര്‍ഥികള്‍ക്കു രണ്ടുവീതം അപരന്മാരുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി കെ.പി. മോഹനന് അതേപേരില്‍ തന്നെയാണു രണ്ട് അപരന്മാരുള്ളത്. ഇടതുസ്ഥാനാര്‍ഥി കെ.കെ. ശൈലജയ്ക്കു കെ.പി. ശൈലജയും ശൈലജയും അപരഭീഷണി ഉയര്‍ത്തുന്നു. ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരേ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരനുമുണ്ടു രണ്ട് അപരന്മാര്. എം. ദിവാകരനും ദിവാകരനും.
കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സതീശന് പാച്ചേനിക്ക് അപരന്മാരായി ഇ.വി. സതീശനും പി. സതീശനും പത്രിക നല്കി. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രനു താഴലെപുരയില് രാമചന്ദ്രനും പോത്തേരവളപ്പില് രാമചന്ദ്രനുമാണ് അപരന്മാര്. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് കാസര്‍ഗോഡ് ജില്ലയിലെ ഉദുമയിലാണു മത്സരിക്കുന്നതെങ്കിലും കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു കെ. സുധാകരന് പത്രിക നല്‍കിയിട്ടുണ്ട്.
പേരാവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിനെതിരേ കെ. സണ്ണി ജോസഫും സണ്ണി ജോസഫും സ്വതന്ത്രന്മാരായി പത്രിക നല്‍കിയിട്ടുണ്ട്. ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിനോയ് കുര്യനു ബിജോയ് എന്ന സ്വതന്ത്രന് അപരഭീഷണി ഉയര്‍ത്തുന്നു. തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാര്‍ക്കെതിരേ കെ.പി. രാജേഷ് കുമാര്‍ അപരനായി രംഗത്തുണ്ട്. തലശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടിക്ക് അപരനായി മറ്റൊരു അബ്ദുള്ളക്കുട്ടി പത്രിക നല്കി.