കണ്ണൂര്‍ ജില്ലയില്‍ നാല് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനം

knr-congressകണ്ണൂര്‍: ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായത് നാലില്‍ മാത്രം. പേരാവൂരില്‍ സണ്ണി ജോസഫ്, പയ്യന്നൂരില്‍ സാജിദ് മൗവ്വല്‍, കല്യാശേരിയില്‍ അമൃതാ രാമകൃഷ്ണന്‍, ധര്‍മടത്ത് മമ്പറം ദിവാകരന്‍ എന്നിവരുടെ കാര്യത്തിലാണ് തീരുമാനമായത്. ഉദുമ സ്വദേശിയായ സാജിദ് മൗവ്വല്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റാണ്. അമൃതാ രാമകൃഷ്ണന്‍ മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്റെ മകളാണ്.

സിറ്റിംഗ് സീറ്റുകളായ ഇരിക്കൂര്‍, കണ്ണൂര്‍ എന്നിവയുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ഇരിക്കൂറില്‍ മന്ത്രി കെ.സി. ജോസഫിനു പകരം സതീശന്‍ പാച്ചേനിയുടെ പേരാണ് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കെ.സിയെ മാറ്റരുതെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുന്നു. കെ.സി. ജോസഫിനെ മാറ്റിയാല്‍ ഇരിക്കൂറില്‍ ക്രിസ്ത്യന്‍ പ്രാതിനിഥ്യത്തിനായി സജീവ് ജോസഫിനെ പരിഗണിക്കണമെന്ന നിര്‍ദേശവുമുണ്ട്.  കണ്ണൂരില്‍ സിറ്റിംഗ് എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടിക്ക് പകരം ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം കെ. സുധാകരന്‍ ഉന്നയിച്ചിട്ടുണ്ട്.

അതിനിടെ ഇരിക്കൂറില്‍ കെ.സി. ജോസഫിനെ മാറ്റിയാല്‍ സതീശന്‍ പാച്ചേനിയെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്ന് നിര്‍ദേശം എ ഗ്രൂപ്പില്‍നിന്ന് ഉയര്‍ന്നതായും അറിയുന്നു. തലശേരിയില്‍ വി. രാധാകൃഷ്ണന്‍, എ.പി. അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്റെ പേര് തലശേരിയില്‍ പരിഗണിച്ചിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിന്‍മാറുകയായിരുന്നു.

Related posts