കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ ‘കാലിത്തൊഴുത്ത് “

KNR-TRAINകണ്ണൂര്‍: അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ വിഹാരകേന്ദ്രമാവുകയാണു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍. രാപകല്‍ വ്യത്യാസമില്ലാതെ സ്റ്റേഷന്റെ അകത്തും മേല്‍പ്പാലത്തിലും റെയില്‍പ്പാളത്തിലും പശുക്കള്‍ അലഞ്ഞുതിരിയുന്നു. കഴിഞ്ഞ ഒരാഴ്ചയായി റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിറയെ പശുക്കളാണ്. പശുക്കള്‍ കൂട്ടത്തോടെ റെയില്‍വേ മേല്‍പ്പാലത്തില്‍ കയറുന്നതു യാത്രക്കാരെ ഭീതിയിലാക്കുന്നുവെന്നു മാത്രമല്ല യാത്ര തടസപ്പെടുകയും ചെയ്യുന്നു. പശുക്കളുടെ വിസര്‍ജ്യങ്ങള്‍ റെയില്‍വേ സ്റ്റേഷനെ മലിനമയമാക്കുകയാണ്. റെയില്‍വേ ജീവനക്കാരും ഇതുവഴി കടുത്ത ദുരിതമനുഭവിക്കുന്നു.

പ്രതിദിനം ആയിരക്കണക്കിനു യാത്രക്കാരെത്തുന്ന പ്രധാന സ്റ്റേഷനില്‍ കന്നുകാലികള്‍ വിഹരിക്കുന്നതു തടയാന്‍ റെയില്‍വേ അധികൃതര്‍ക്കു സാധിക്കുന്നില്ല. കണ്ണൂര്‍ നഗരത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരിടവേളയ്ക്കു ശേഷം കന്നുകാലികള്‍ വീണ്ടും നഗരം കൈയടക്കിക്കഴിഞ്ഞു. കാലികളെ അലക്ഷ്യമായി അഴിച്ചുവിടുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. ടൗണില്‍ കറങ്ങിനടക്കുന്ന കാലികളെ അധികൃതര്‍ പിടിച്ചുകെട്ടി ഉടമസ്ഥരില്‍ നിന്നു പിഴയീടാക്കിയതോടെ ഈ പ്രവണത കുറഞ്ഞിരുന്നു. എന്നാല്‍ നടപടി നിര്‍ത്തിയതോടെ കാലികളെ വീണ്ടും നഗരത്തിലേക്കു കയറൂരി വിടുകയാണ് ഉടമകള്‍.

Related posts