കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ നാശം വിതക്കുകയാണ്. ആറിടങ്ങളിൽ ഉരുൾപൊട്ടിയതോടെ നൂറ്കണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്. വൈത്തിരി പോലീസ് സ്റ്റേഷന് സമീപത്തെ ലക്ഷം വീട് വീട് കോളനിക്ക സമീപമുണ്ടായ ഉരുൾപൊട്ടലിൽ വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളനിയിലെ ജോർജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്.
താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. മഴയെത്തുടർന്നുള്ള മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വൻനാശമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ മുതലായവർ ജില്ലാകലക്ടറുടെ അനുമതിയില്ലാതെ ഹെഡ്ക്വാർട്ടർ വിട്ടുപോകരുതെന്ന് ജില്ലാകളക്ടർ അറിയിച്ചു.
വയനാട് കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നാല് കണ്ട്രോൾ റൂമുകൾ തുറന്നു. പൊതുജനങ്ങൾക്ക് 04936 204151 എന്ന നന്പറിൽ കണ്ട്രോൾ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077 എന്ന ടോൾ ഫ്രീ നന്പറും ഏർപ്പെടുത്തിയിട്ടുണ്ട്. സുൽത്താൻ ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളിൽ താലൂക്ക് കണ്ട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
താമരശേരി ചുരത്തിലും മക്കിമലയിലും കാപ്പികളത്തും പാറത്തോടും കാവുംമന്ദം കന്പനിക്കുന്നിലും വൈത്തിരിയിലും തലപ്പുഴ പുതിയിടത്തും ഉരുൾ പൊട്ടി. വൈത്തിരി പോലീസ് സ്റ്റേഷൻ സമീപമാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. റോഡിലേക്ക് മണ്ണ് ഒലിച്ച് എത്തിയതിനാൽ ഗതാഗതംപൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഉരുൾപൊട്ടലിൽ വൈത്തിരി പോലീസ് സ്റ്റേഷൻ മെസ്ഹൗസ് തകർന്നു. സ്റ്റേഷനുള്ളിൽ മണ്ണു നിറഞ്ഞു കിടക്കുകയാണ്. ജില്ലയിൽ നൂറിലധികം സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി.
വൈത്തിരി ഉരുൾപൊട്ടലിൽ ലക്ഷംവീട് കോളനിയിലെ രണ്ട് വീട് പൂർണ്ണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു. മണ്ണിടിച്ചിൽ ഉള്ളതിനാൽ പാൽ ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ട്. താമരശ്ശേരി ചുരം ഗതാഗതവും സ്തംഭിച്ചു. വയനാട് ചുരത്തിൽ യാത്ര ഉച്ചക്ക് ശേഷം മാത്രമേ സാധ്യമാകുകയുള്ളൂ. വൈദ്യുതി ബന്ധവും വാർത്താ വിനിമയ സംവിധാനങ്ങളും താറുമാറായി. വയനാട്ടിലേക്ക് പത്രം എത്തിയിട്ടില്ല.
കാവും മന്ദത്തു കാർ ഒലിച്ചു പോയി. വെള്ളമുണ്ടയിൽ നിന്നും കൽപ്പറ്റക്ക് പുറപ്പെട്ട നാലംഗ സംഘം സഞ്ചരിച്ച കാർ ആണ് ഒലിച്ചു പോയത് ആളപായമില്ല. ഇന്ന് രാവിലെ വരെ 2632.67എംഎം മഴയാണ് വയനാട് ജില്ലയിൽ ലഭിച്ചത്. വൈത്തിരി താലൂക്കിൽ 334.3 ഉം, മാനന്തവാടിയിൽ 305ഉം ബത്തേരിയിൽ 96.8 ഉം മില്ലിമീറ്റർ മഴയാണ് പെയ്തത്. ജില്ലയിൽ ശരാശരി 245.37 മില്ലിമീറ്റർ മഴയാണ് പെയ്തത്.
പൊഴുതനയിൽ റെക്കോർഡ് മഴയാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ 426 മില്ലിമീറ്റർമഴയാണ് ഇവിടെ പെയതത്. 26 പുതിയ ക്യാന്പുകൾ തുറന്നു ആളുകളെ മാറ്റി പാർപ്പിക്കൽ തുടരുകയാണ്. കനത്തമഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളോടൊപ്പം ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. ജില്ലയിലെ നിരവധി റോഡുകൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്. മാനന്തവാടി, ബത്തേരി താലൂക്കുകളിലും നിരവധി സ്ഥലങ്ങൽ വെള്ളത്തിനടിയിലാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തൃശിലേരി പവർലൂം പരിസരത്തെ പറളി റോഡ് കുത്തൊഴുക്കിൽപ്പെട്ട് മുങ്ങി.
പാൽച്ചുരത്തിൽ ബോയ്സ് ടൗണിൽ നിന്നും അര കിലോ മീറ്റർ മാറി മണ്ണിടിച്ചിലുണ്ടായതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. കണിയാരത്ത് മണ്ണിടിച്ചിലിനെ തുടർന്ന് മരം കടപുഴകി വൈദ്യുതി ലൈനിൽ വീഴുകയും വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിയുകയും ചെയ്തു. കാവുംമന്ദം പൊയിൽ കോളനിയിലെ വീടുകളിൽ വെള്ളം കയറി. താമസക്കാരെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റിയിരിക്കുകയാണ്. കനത്ത മഴയിൽ നിരവിൽപ്പുഴ റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
പുഴകളാൽ ചുറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ, മൊട്ടൻകുന്ന്, കൊളക്കി, മൊട്ടൻകുന്ന്, പൊയിൽ, പുതുശേരിക്കുന്ന്, വസ്തിക്കുന്ന്, ചുണ്ടങ്കോട്, ചെന്പന്നൂർ തുടങ്ങിയ കോളനികൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചേലാകുനിക്കുന്ന്, കുറുമണിയിലെ കാവാലക്കുന്ന്, വലിയക്കുന്ന്, പുതയേടത്ത് കുന്ന്, മാങ്ങോട്ട് കുന്ന് തുടങ്ങിയ സ്ഥലങ്ങൾ വെള്ളംകയറി ഒറ്റപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ടു