തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ആധുനികവത്കരിച്ച വില്പന കൗണ്ടര്‍ നിര്‍മാണം പൂര്‍ത്തിയായി. ഗ്രീന്‍ ഹൗസിനോടു ചേര്‍ന്ന് നിലവിലുള്ള പഴയ കൗണ്ടറിനു മുന്നിലായാണു പുതിയതു നിര്‍മിച്ചിരിക്കുന്നത്. സീസണ്‍ അല്ലാത്ത സമയത്തും ദിവസവും പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ രൂപയുടെ വില്പന നടക്കുന്ന കൗണ്ടര്‍ സ്ഥലപരിമിതിയും കാലപ്പഴക്കവും കൊണ്ടാണു മാറ്റാന്‍ തീരുമാനിച്ചത്. 20 ലക്ഷം രൂപ ചെലവിട്ടാണു ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി കൗണ്ടര്‍ നിര്‍മിച്ചത്. നിര്‍മിതികേന്ദ്രയാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഇലക്ട്രിഫിക്കേഷനും കംപ്യൂട്ടര്‍വത്കരണവും അടുത്തുതന്നെ പൂര്‍ത്തീകരിക്കും. പുതിയ കൗണ്ടര്‍ നിലവില്‍ വരുന്നതോടെ കരിമ്പം ഫാമിലെ എല്ലാ ഉത്പന്നങ്ങളും ഒരു കൗണ്ടറില്‍നിന്നുതന്നെ ആവശ്യക്കാര്‍ക്കു ലഭ്യമാകും. നിലവില്‍ പല കൗണ്ടറുകള്‍ വഴിയാണു വിതരണം നടത്തുന്നത്. ദിനംപ്രതി നിരവധി കര്‍ഷകരും കാര്‍ഷിക വിദ്യാര്‍ഥികളും സന്ദര്‍ശകരായെത്തുന്ന കരിമ്പം ഫാം ആധുനികവത്കരണത്തിന്റെ പാതയിലാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച ഫാം റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തുവെങ്കിലും ആവശ്യക്കാര്‍ക്കു വാടകയ്ക്കു നല്‍കിയിരുന്നില്ല.
ഇവിടെയുള്ള രണ്ട് മുറികള്‍ വാടകയ്ക്കു നല്‍കാനും മാമ്പഴ മ്യൂസിയം തുടങ്ങാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ കരിമ്പം ഫാമിന്റെ മുഖച്ഛായ തന്നെ മാറുന്ന രീതിയില്‍ ജില്ലാപഞ്ചായത്ത് ഒട്ടനവധി പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണെന്നു ഫാം സൂപ്രണ്ട് ജീവരാജ് പറഞ്ഞു.