കാഞ്ഞങ്ങാട്: നിര്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയില് നിന്നു കരാറുകാരന് ചവിട്ടി താഴെയിട്ടെന്ന പരാതിയില് ചികിത്സയിലായിരുന്ന കെട്ടിട ഉടമ മരിച്ചു. വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല് റോയ് ജോസഫാണ് (48) മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലര്ച്ചെ 3.30 ഓടെയാണ് മരിച്ചത്.
സംഭവത്തില് കരാറുകാരന് പുല്ലൂരിലെ നരേന്ദ്രനെതിരേ ഹൊസ്ദുര്ഗ് പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. മരണം സംഭവിച്ചതോടെ കേസ് കൊലക്കുറ്റമാകുമെന്നു പോലീസ് അറിയിച്ചു. ഓഗസ്റ്റ് മൂന്നിന് ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം. മാവുങ്കാല് മൂലക്കണ്ടത്തെ കെട്ടിടത്തില് നിന്നു വീണാണു റോയിക്ക് പരിക്കേൽക്കുന്നത്.
മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല് മംഗളുരുവിലേക്കു കൊണ്ടുപോവുകയായിരുന്നു. കെട്ടിടത്തിന്റെ നിര്മാണവുമായി ബന്ധപ്പെട്ട് തങ്ങള് തമ്മില് തര്ക്കമുണ്ടായിരുന്നതായായും കെട്ടിടത്തിനു മുകളില് നിന്നും കരാറുകാരന് തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നെന്നും ഭാര്യയോടും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു.