പയ്യന്നൂര്‍: കരിവെള്ളൂരിലെ സ്റ്റുഡിയോയില്‍ കവര്‍ച്ച നടത്തിയ യുവാവിനെ പോലീസ് പിടികൂടി. തിരൂര്‍ പനങ്ങാട്ടൂരിലുള്ള അലി അക്ബര്‍ എന്ന മുഹമ്മദലി (29) യാണ് പയ്യന്നൂര്‍ സിഐ പി.കെ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.കഴിഞ്ഞമാസം 14ന് രാത്രിയിലാണ് കരിവെള്ളൂരില്‍ സ്റ്റുഡിയോ നടത്തുന്ന റെയ്ന്‍ പ്രദീപിന്റെ സ്റ്റുഡിയോയില്‍ മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ട കാമറ പ്രതിയുടെ കൂട്ടാളി മലപ്പുറത്ത് വില്‍ക്കാന്‍ ശ്രമിച്ചിരുന്നു.
സംശയം തോന്നിയ മലപ്പുറത്തെ സ്റ്റുഡിയോ ഉടമ കാമറ വാങ്ങിയില്ല. എന്നാല്‍ ഈ കാമറയുടെ ഫോട്ടോയെടുത്ത് ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്റെ വാട്‌സ്അപ്പിലിട്ടു. കരിവെള്ളൂരിലെ പ്രദീപന്‍ ഇതുകാണുകയും പോലീസുമായി ബന്ധപ്പെടുകയുമായിരുന്നു. വയനാട്ടിലെ പനമരത്ത് ഭാര്യാവീട്ടില്‍ നിന്നാണ് മോഷ്ടാവ് പിടിയിലായത്. പയ്യന്നൂരിലെ എസ്‌ഐമാരായ എ.വി. ദിനേശന്‍, വിപിന്‍കുമാര്‍, ചെറുപുഴ എസ്‌ഐ, സിപിഒ ശശിധരന്‍, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷണ സ്ഥലത്ത് നിന്നു ലഭിച്ച വിരലടയാളവും മലപ്പുറം, തിരൂര്‍ എന്നി സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ മുഹമ്മദലിയുടെ വിരലടയാളവും ഒത്തുനോക്കിയാണ് പോലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.