വടക്കഞ്ചേരി: കര്‍ഷകദിനത്തിലും കര്‍ഷകരെ ഒഴിപ്പിക്കല്‍ നടപടിയുമായി വനംവകുപ്പ് അധികൃതര്‍. പാലക്കുഴി അഞ്ചുമുക്ക് അത്തിക്കരക്കുണ്ടില് കര്‍ഷകരുടെ കൈവശഭൂമിയില്‍ തൊഴിലാളികളെക്കൊണ്ട് ജെണ്ടകെട്ടാനുള്ള വനപാലക സംഘത്തിന്റെ ശ്രമം കര്‍ഷകര്‍ സംഘടിച്ച് തടഞ്ഞു. പിന്നീട് ആലത്തൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ മാറ്റിനിര്‍ത്തി വനപാലകര്‍ തന്നെ ജെണ്ടകെട്ടി തിരിച്ചുപോയി.ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ നാല്പതോളം വരുന്ന വനപാലകര്‍ അന്യസംസ്ഥാന തൊഴിലാളികളുമായി അത്തിക്കരക്കുണ്ടിലെ ഗണപതിപ്ലാക്കല്‍ ജോസഫിന്റെ റീപ്ലാന്റ് ചെയ്ത റബര്‍തോട്ടത്തില്‍ ജെണ്ട കെട്ടാന്‍ എത്തിയത്.
വിവരമറിഞ്ഞ് പാലക്കുഴിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ തോട്ടത്തില്‍ തടിച്ചുകൂടി. ജെണ്ടകെട്ടി കൈവശഭൂമി കൈക്കലാക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പറഞ്ഞതിനെ തുടര്‍ന്ന് തൊഴിലാളികളെ ഒഴിവാക്കി വനപാലകര്‍ സംരക്ഷണവലയം തീര്‍ത്താണ് ഒരു ജെണ്ടകെട്ടി മടങ്ങി. നാല്പതും അമ്പതുംവര്ഷമായി കൈവശത്തിലുളള ഭൂമിയാണ് വനഭൂമിയാണെന്നു പറഞ്ഞ് ജെണ്ടകെട്ടല് നടത്തുന്നത്. ആധാരവും കൈവശ സര്‍ട്ടിഫിക്കറ്റും നികുതി അടച്ച രസീതിയും വനംവകുപ്പ് വനഭൂമിയാണെന്നു അവകാശപ്പെടുന്ന സ്ഥലത്തിനുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു.അരകിലോമീറ്റര്‍ മാറി കൊര്ണാംപാറയാണ് വനാതിര്ത്തിയെന്നിരിക്കേ കുരുമുളകു കൊടികളും റബറും നിറഞ്ഞുനില്ക്കുന്ന തോട്ടങ്ങളില്‍നിന്നും കുടിയിറക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന നിലപാടിലാണ് കര്‍ഷകര്‍. വിലകൊടുത്ത് വാങ്ങി കൃഷി ചെയ്തുവരുന്ന ഭൂമിയാണ് ഇവിടെയെല്ലാം.
ഇവിടെയുള്ള തോട്ടങ്ങളിലെ കവുങ്ങും കശുമാവും മറ്റു ഫലവൃക്ഷങ്ങളുടെയും പ്രായം കണക്കാക്കിയാല്‍ തന്നെ പ്രദേശം സ്വകാര്യഭൂമിയാണെന്ന് വ്യക്തമാകും. 1977നുമുമ്പുള്ള കൈവശഭൂമികളാണ് ഇതെല്ലാം. വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന് നടത്തി പിന്നീട് ചര്‍ച്ചചെയ്ത് പാലക്കുഴിയിലെ തര്ക്കഭൂമികള്ക്കു പരിഹാരം കാണാമെന്ന കളക്ടറുടെയും ആര്‍ഡിഒയുടെയും വകുപ്പുമന്ത്രിയുടെയും ഉത്തരവുകള്‍ കാറ്റില്‍ പറത്തിയാണ് പെട്ടെന്ന് ഭീഷണിയുമായി കൈവശഭൂമി പിടിച്ചെടുക്കാന്‍ വനംവകുപ്പ് വരുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ശരിയായ രീതിയിലാണെങ്കില്‍ ഇത്രയേറെ സന്നാഹത്തോടെ വരേണ്ടതില്ലെന്നും പരിശോധനകള്‍ക്കും തങ്ങളും മുന്നിലുണ്ടാകുമെന്നും കുടിയേറ്റ കര്‍ഷകര്‍ പറഞ്ഞു.
വനഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തുടക്കത്തിലേ കണ്ടെത്തി നടപടിയെടുക്കുന്നതിനു പകരം ആദായമായപ്പോള് കുടിയൊഴിപ്പിക്കുന്ന സമീപനം മുമ്പുണ്ടായിരുന്ന വിവിധ വകുപ്പ് അധികാരികളുടെ വഴിവിട്ട നടപടികള്‍ മൂടിവയ്ക്കാനുള്ള തന്ത്രമാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ഇടയ്ക്കിടെ വനംവകുപ്പ് തോട്ടങ്ങളില്‍ കല്ലിട്ട് വനാതിര്‍ത്തി കണ്ടെത്തുന്ന നടപടിക്ക് കൂട്ടുനില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ശാശ്വതപരിഹാരം തേടി കളക്ടറെയും വകുപ്പുമന്ത്രിയേയും കാണുമെന്നും കര്‍ഷകപ്രതിനിധികള്‍ പറഞ്ഞു.ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം ഒരുവര്‍ഷംമുമ്പ് പാലക്കുഴി സന്ദര്‍ശിച്ച് നടപടികളെല്ലാം മനുഷ്യത്വപരമാകുമെന്ന് ഉറപ്പുനല്‍കിയതിനു പിന്നാലെയാണ് എന്‍ഒസിയുടെ മറവില്‍ ജെണ്ടകെട്ടി കൃഷിഭൂമി പിടിച്ചെടുക്കുന്നത്.
അതേസമയം എന്‍ഒസി നല്കിയ ഭൂമി ഒഴിവാക്കി വനാതിര്‍ത്തിക്കുള്ളില്‍ സര്വേക്കല്ലുള്ള ഭാഗത്താണ് ജെണ്ട കെട്ടുന്നതെന്ന് റേഞ്ച് ഓഫീസര്‍ അബ്്ദുള് ലത്തീഫ്, സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍ എന്നിവര്‍ പറഞ്ഞു. എന്‍ഒസിക്കായി കൂടുതല്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതു പരിശോധിച്ചുള്ള നടപടിയാണ് നടക്കുന്നതെന്നും കര്‍ഷകരെ ദ്രോഹിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാലക്കുഴിയില്‍ വനാതിര്‍ത്തികളോടു ചേര്‍ന്ന ഭൂമികള്‍ വില്പനയ്ക്കും പോക്കുവരവിനുമായി എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കിഴക്കഞ്ചേരി ഒന്ന് വില്ലേജ് ഓഫീസര്‍ രേഖ പറഞ്ഞു. ഡിഎഫ്ഒയുടെ പ്രത്യേക നിര്‍ദേശമാണിത്.
കിഴക്കഞ്ചേരി പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.സി.സണ്ണി, കത്തോലിക്കാ കോണ്‍ഗ്രസ് നേതാവ് ചാര്‍ളി മാത്യു, ജോസ് ഊന്നുപാലം, രാമന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. റേഞ്ച് ഓഫീസര്‍, സെക്്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്കു പുറമേ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്.ശശിഭൂഷണന്‍, ബി.സുബ്രഹ്്മണ്യന്, കൃഷ്ണന്‍കുട്ടി, ജി.റിജേഷ്, കണ്ണന്, അഭിലാഷ്, വെള്ളിങ്കിരി, രമേഷ്, മോഹനചന്ദ്രന്, സജേഷ്, സമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകര്എത്തിയത്.