കലയുടെ സോഫ്റ്റ്‌വെയറുകളുമായി ഒരു മലയാളി

KALAഹൂസ്റ്റണ്‍: ഡാറ്റാബെയ്‌സ് മാനേജ്‌മെന്റ്, നെറ്റ്‌വര്‍ക്കിംഗ്, ഇന്‍ഫര്‍മേഷന്‍, ക്ലൗഡ് കംപ്യൂട്ടിംഗ്, ബിസിനസ് ഇന്റലിജന്‍സ് തുടങ്ങിയ വാക്കുകളെക്കുറിച്ച് അറിയണമെങ്കില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ആരോടെങ്കിലും ചോദിച്ചാല്‍ മതിയാകും. മറിച്ച് തില്ലാന, രംഗപൂജ, നാട്യശാസ്ത്രം എന്നിവയെക്കുറിച്ചറിയണമെങ്കിലോ? ഏതെങ്കിലും വിദഗ്ധ നര്‍ത്തകിമാരോടു തന്നെ ചോദിക്കണം. എന്നാല്‍ ലക്ഷ്മി എന്ന കോട്ടയത്തുകാരിയുടെ കാര്യം അങ്ങനെയല്ല. ക്ലൗഡ് കംപ്യൂട്ടിംഗും നവരസങ്ങളും അവര്‍ക്ക് ഒരുപോലെ എളുപ്പമാണ്. കുറച്ചുകൂടെ വിശദമായി പറഞ്ഞാല്‍ രണ്ടിലും വിദഗ്ധയാണവര്‍. ഐടി മേഖലയിലെ ഏറ്റവും പുതിയ സോഫ്റ്റ് വെയറുകളും ഭരതനാട്യത്തിലെ പുരാതന മുദ്രകളും ലക്ഷ്മിയുടെ വിരല്‍തുമ്പുകള്‍ക്ക് മനപ്പാഠം.

സ്ത്രീകള്‍ അധികം കടന്നുവരാന്‍ ധൈര്യപ്പെടാത്ത മേഖലയാണ് ഐടി ബിസിനസ് രംഗം. ഇവിടെയാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മി ചുവടുവച്ചുയര്‍ന്നത്. ഹൂസ്റ്റണില്‍ കോടികളുടെ വിറ്റുവരവുള്ള ഒരു ഐടി കമ്പനിയുടെ ഡയറക്ടറാണിപ്പോള്‍ ലക്ഷ്മി.

കോളജ് പഠനകാലത്ത് എംജി യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ മത്സരങ്ങളില്‍ ഒരുതവണ കലാതിലകമായിരുന്നു. പിന്നീട് ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ ബെസ്റ്റ് കൊറിയോഗ്രാഫര്‍ അവാര്‍ഡും ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്. മയാമിയില്‍ നടന്ന ഫോമ കണ്‍വന്‍ഷനില്‍ “മലയാളി മങ്ക 2016′ മത്സരത്തിലെ വിജയിയാണ് ഹൂസ്റ്റണില്‍നിന്നുള്ള ലക്ഷ്മി.

കലാരംഗത്തെ ഈ ചുവടുവയ്പ്പുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കുമൊപ്പം പിതാവിനെപ്പോലെ ബിസിനസ് രംഗത്തും ലക്ഷ്മി മുന്നേറി. കര്‍മരംഗത്തെ ഈ യാത്രകള്‍ക്കൊടുവിലാണ് ഈ കലാകാരി അമേരിക്കയിലെ ഒരു ഐടി കണ്‍സള്‍ട്ടിംഗ് കമ്പനിയുടെ അമരത്തെത്തിയിരിക്കുന്നത്.

ഐടി ബിസിനസ് രംഗത്ത് തന്റെ എതിരാളികളോടു മത്സരിക്കുമ്പോള്‍ തന്നെ 2003ല്‍ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും മറ്റു നൃത്ത വിഭാഗങ്ങളിലും മികച്ച പരിശീലനം നല്‍കുന്ന ലക്ഷ്മി ഡാന്‍സ് അക്കാദമി സ്ഥാപിക്കാനും ഇവര്‍ സമയം കണെ്ടത്തി. നാലു ഘട്ടങ്ങളിലായാണ് ഇവിടെ ഭരതനാട്യം പരിശീലിപ്പിക്കുന്നത്. കൂടെ നാട്യശാസ്ത്രങ്ങളുടെ ചരിത്രവും പ്രാധാന്യവും വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കും. കര്‍ണാടക സംഗീതത്തിലും ഡ്രം, ഗിത്താര്‍ എന്നിവയിലും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ഇതൂ കൂടാതെയാണ് മാനസിക സമ്മര്‍ദ്ദങ്ങളും ഉത്കണ്ഠകളും നേരിടാന്‍ സംഗീതത്തേയും നൃത്തത്തേയും ഉപയോഗപ്പെടുത്തുന്ന ചില പ്രത്യേക കോഴ്‌സുകള്‍ക്ക് ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സെന്‍ ബുദ്ധിസത്തിന്റെ സഹായത്തോടെ സെന്‍ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് തെറാപ്പി എന്ന കോഴ്‌സില്‍ പരിശീലനം നല്‍കുന്നത്.

സംഗീതംപോലെതന്നെ നൃത്തവും ആധുനിക കാലത്ത് ചികിത്സാ സംവിധാനമായി ഉപയോഗിക്കുന്നുണ്ട്. വ്യായാമമില്ലാത്ത ജീവിതശൈലി സൃഷ്ടിക്കുന്ന പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും നൃത്തപരിശീലനം ഒരു മികച്ച ഔഷധമാണ്.

ഇത്തരം ശാസ്ത്രീയ അറിവുകളുടെ ചുവടുപിടിച്ചാണ് ലക്ഷ്മിയും തന്റെ സെന്‍ വിത്ത് ക്രിയേറ്റിവിറ്റി യൂസിംഗ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് തെറാപ്പി എന്ന കോഴ്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രം നല്‍കുന്ന അറിവും തന്റെ അനുഭവങ്ങള്‍ നല്‍കുന്ന തിരിച്ചറിവുകളും സംയോജിപ്പിച്ചാണ് കോട്ടയം വാകത്താനം കൊച്ചുപ്ലാപ്പറമ്പില്‍ പീറ്ററിന്റേയും റേച്ചലിന്റെയും മകളായ ലക്ഷ്മി കലാരംഗത്തും ബിസിനസ് രംഗത്തും ചികിത്സാരംഗത്തും പുതിയ ചരിത്രങ്ങള്‍ എഴുതുന്നത്.

റിപ്പോര്‍ട്ട്: റോജോ ജോര്‍ജ്‌

Related posts