കല്ലാച്ചിയില്‍ വെട്ടും അക്രമവും തുടരുന്നു ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

kkd-akramamനാദാപുരം: അസ്‌ലം വധക്കേസിളെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ അക്രമം തുടരുന്നു. രാത്രിയിലും വെട്ടും കുത്തും തുടരുകയാണ്. ഇന്നലെ രാത്രി ഇരുട്ടിന്റെ മറവില്‍ മൂന്നുപേര്‍ ആക്രമിക്കപ്പെട്ടു. ഇതിലൊരാള്‍ക്ക് വെട്ടേറ്റാണ് പരുക്ക്. കല്ലാച്ചി-ചിയ്യൂര്‍ റോഡില്‍ വച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റത്. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ചിയ്യൂര്‍ സ്വദേശി കളരിക്കണ്ടിയില്‍ സമീറി(24)നാണ് വെട്ടേറ്റത്. രാത്രി ഏഴരയോടെയാണ് സംഭവം. ഇയാളെ ഒരു സംഘം തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തലയ്ക്കും പുറത്തും കാലിനും സാരമായ വെട്ടേറ്റ ഇയാളെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമീര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇതിനടുത്ത കുറ്റിപ്രത്ത് മറ്റൊരു യുവാവ് ആക്രമിക്കപ്പെട്ടത്. കാല്‍നടയായി വീട്ടിലേക്ക് പോകുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നരിക്കാട്ടേരി എടത്തി പൊയിലില്‍ സനിലാ(25)ണ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മറ്റും ഇരുമ്പുവടി കൊണ്ട് മര്‍ദനമേറ്റ സനലിന് നാദാപുരം ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം വടകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് വരിക്കോളി ഒമ്പതുകണ്ടം കാഞ്ഞായി തയ്യുള്ളതില്‍ അസ്‌നാസി(22)ന്് രാത്രി  മര്‍ദനമേറ്റത്.

അസ്‌നാസിനെ വരിക്കോളി ഒമ്പതുകണ്ടത്തില്‍ വച്ചാണ് ഒരു സംഘം ആക്രമിച്ചത്. കല്ലാച്ചിയില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ഇയാളേയും വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിഷ്ണുമംഗലം സ്വദേശി വാണിയം വീട്ടില്‍ മുഹമ്മദ് ഷഫീഖ്(22) ആണ് അറസ്റ്റിലായത്. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണുരാജിനെ മര്‍ദിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ആക്ട് 78,79 പ്രകാരം നാദാപുരം, വളയം, കുറ്റിയാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ അഞ്ചുദിവസത്തേക്ക് റൂറല്‍ എസ്പി നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. വാണിമേലില്‍ നടത്താനിരുന്ന യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനത്തിന്് പോലീസ് അനുമതി നിഷേധിച്ചു. കല്ലാച്ചിയില്‍ അക്രമം നടന്നതറിഞ്ഞ് കടകമ്പോളങ്ങള്‍ അടച്ചു. രാത്രിയില്‍ മേഖലയില്‍ വന്‍ സ്‌ഫോടനം നടന്നു. കല്ലാച്ചി, വെള്ളൂര്‍ മേഖലകളിലും റോഡുകളില്‍ ബോംബേറുണ്ടായി. അക്രമങ്ങള്‍ നടന്നതോടെ രാത്രിയില്‍ പലയിടങ്ങളിലും ആളുകള്‍ തമ്പടിച്ചതോടെ പോലീസെത്തി വിരട്ടിയോടിക്കുകയായിരുന്നു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. റൂറല്‍ എസ്പി എന്‍. വിജയകുമാര്‍ നാദാപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ കല്ലാച്ചി ടാക്‌സി സ്റ്റാന്‍ഡ് പരിസരത്തുനിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

Related posts