കള്ളിയംപാറയില്‍ തള്ളുന്ന മാലിന്യത്തില്‍ ഗുരുതര രാസവസ്തുക്കളെന്നു സമരസമിതി

PKD-WASTEപാലക്കാട്: മുതലമട കള്ളിയംപാറയില്‍ കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനി തള്ളുന്ന രാസമാലിന്യത്തില്‍  മനുഷ്യജീവനെ ഗുരുതരമായി ബാധിക്കുന്ന രാസഖരമാലിന്യങ്ങളുടെ  വലിയഅളവിലുള്ള സാന്നിധ്യം കണ്ടെത്തിയതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ ശേഖരിച്ച മാലിന്യം മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാല ലബോറട്ടറിയില്‍ പരിശോധന നടത്തിയപ്പോഴാണ് മെര്‍ക്കുറിയുടെ അളവ് അനുവദനീയമായതിനേക്കാള്‍ ആയിരം മടങ്ങ് കൂടുതല്‍ കണ്ടെത്തിയത്. സിങ്ക്, ലെഡ്, കാഡ്മിഡിയം, ഇരുമ്പ്, അലുമിനിയം, വനേഡിയം,കോബാള്‍ട്ട്  എന്നിവയുടെ അളവും കൂടുതലാണ്.

പതിനായിരകണക്കിന് ടണ്‍ മാലിന്യമാണ് കള്ളിയംപാറയില്‍ സ്വകാര്യവ്യക്തി കൃഷിയിടത്തിലെ ജലസ്രോതസിന് അരികിലായി ജൈവവളമെന്ന പേരില്‍ സൂക്ഷിച്ചിരിക്കുന്നത്. മഴക്കാലത്ത് ഈ മാലിന്യം ഗായത്രി പുഴയിലൂടെ ഭാരതപ്പുഴയില്‍ എത്തിചേരുന്നു. ഇത് കുടിവെള്ളത്തെ വിഷമയമാക്കുന്നതിന് പുറമെ മിനാമട്ട, ക്യാന്‍സര്‍, ലിവര്‍സോറിസിസ്, കിഡ്‌നി തകാര്‍ രോഗങ്ങള്‍ക്കും സാധ്യതയൊരുക്കും. ജപ്പാനിലെ മിനാമാത്ത് ബേയിലേക്ക് ചിസോ കോര്‍പ്പറേഷന്‍ കമ്പനിയില്‍ നിന്നും ഒഴുക്കിയ മാലിന്യത്തിലെ മെര്‍ക്കുറി സാന്നിധ്യമാണ് 1956ല്‍ മിനാമാത്ത അസുഖമുണ്ടാക്കിയത്. മസ്തിഷ്ക്കത്തിന് നഷ്ടം സംഭവിച്ച് ഭ്രാന്ത് പിടിക്കുന്നതാണ് ഈ അസുഖം.

1965ല്‍ ജപ്പാനിലെ നിഗാറ്റയിലെ അഗാനോ പുഴയിലേക്ക് ഷോവ കോര്‍പ്പറേഷന്‍ ഒഴുക്കിയ മെര്‍ക്കുറി മാലിന്യമാണ് ലോകത്ത് രണ്ടാമത്തെ മിനാമാത്ത രോഗമുണ്ടാക്കിയത്. നിറ്റാജലാറ്റിന്‍ കമ്പനി മൂലം ചാലക്കുടിയിലും ഭാരതപ്പുഴയിലും ലക്ഷോപലക്ഷം ജനങ്ങളെ കൊന്നൊടുക്കുന്ന മൂന്നാം മിനാമാത്തയുടെ സാധ്യതക്ക് വഴിതെളിയിക്കുമെന്നാണ് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ കോടതി ചൂണ്ടിക്കാട്ടുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  ഇത്തരമൊരു സഹാചര്യത്തില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന രാസമാലിന്യം  ഉടന്‍ നീക്കം ചെയ്യാന്‍ മുതലമട പഞ്ചായത്ത്, ജില്ലാകളക്ടര്‍, ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വി.പി നിജാമുദ്ദീന്‍, ജെയ്‌സണ്‍ പാനികുളങ്ങര, അനില്‍ കാതിക്കുടം എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related posts