കസ്തൂരിരംഗന്‍: സര്‍ക്കാര്‍ വഞ്ചനയ്‌ക്കെതിരേ സിപിഎം ഉപവാസം

KKD-UPAVASAMതാമരശേരി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ നടപടി സ്വീകരിക്കുമെന്നും ജനവാസ കേന്ദ്രങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്നും പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ സിപിഎമിന്റെ നേതൃത്വത്തില്‍ ഈങ്ങാപ്പുഴയില്‍ കൂട്ട ഉപവാസം സംഘടിപ്പിച്ചു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു.

ഉമ്മന്‍ വി. ഉമ്മന്‍ നല്‍കിയ റിപ്പോര്‍ട്ട് ഹരിത ട്രൈബ്യൂണല്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചപ്പോഴാണ് കേരളത്തിന് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും തിരുവമ്പാടി എംഎല്‍എയും യുഡിഎഫ് നേതൃത്വവും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. കള്ളക്കേസില്‍ പ്രതികളായവരെ സഹായിക്കാന്‍ കേസ് പിന്‍വലിക്കുമെന്ന് പലതവണ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.

മണ്ഡലം സെക്രട്ടറി എ.ടി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ടി അഗസ്റ്റിന്‍, സി.ടി.സി അബ്ദുള്ള, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജോളിജോസഫ്, കെ.സുന്ദരന്‍, കെ.സി വേലായുധന്‍, വി.ജെ ജോര്‍ജ്കുട്ടി, സി.എന്‍ പുരുഷോത്തമന്‍, എ.എസ് രാജു, ജലീല്‍ കൂടരഞ്ഞി, പി.വി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗിരീഷ് ജോണ്‍ സ്വാഗതവും ബിനോയ് അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു.

Related posts