കാണ്‍പുര്‍ മുതല്‍ വാരാണസി വരെ 550 കിലോമീറ്റര്‍; 70 മണിക്കൂറുകൊണ്ട് ഗംഗ നീന്തിക്കടക്കാന്‍ 11കാരി

gangaശുചിത്വ ഗംഗ എന്ന ആശയപ്രചാരണത്തിന്റെ ഭാഗമായി നീന്തല്‍ വിസ്മയം ശ്രദ്ധ ശുക്ല എന്ന 11 വയസുകാരി മുന്നോട്ട്. 70 മണിക്കൂറുകൊണ്ട് കാണ്‍പുര്‍ മുതല്‍ വാരാണസി വരെ 550 കിലോമീറ്റര്‍ ദൂരമാണ് ശ്രദ്ധ നീന്തിക്കടക്കുന്നത്. ദേശീയ കായിക ദിനമായ ഇന്നലെ തന്റെ ഉദ്യമത്തിനു ശ്രദ്ധ തുടക്കം കുറിച്ചു. കാണ്‍പുരിനടുത്തുള്ള മസാക്കര്‍ കടവില്‍നിന്ന് നീന്തല്‍ ആരംഭിച്ച ശ്രദ്ധ പത്താം ദിവസമാണ് വാരാണസിയിലെത്തിച്ചേരുക. പ്രതിദിനം ഏഴു മണിക്കൂറായിരിക്കും ശ്രദ്ധയുടെ ജലസഞ്ചാരം. ഗംഗയിലെ ജലനിരപ്പുയര്‍ന്നിട്ടുണെ്ടങ്കിലും 70 മണിക്കൂറിനുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുതന്നെയാണ് ശ്രദ്ധയുടെയും മാതാപിതാക്കളുടെയും വിശ്വാസം.

ഇത്തരം അപകടകരമായ സാഹസികപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടിയാണ് ശ്രദ്ധ. 2014ല്‍ ഗംഗയിലൂടെ കാണ്‍പുര്‍ മുതല്‍ അലാഹാബാദ് വരെ 282 കിലോമീറ്റര്‍ ദൂരം ശ്രദ്ധ നീന്തിയിരുന്നു. സ്വന്തം റിക്കാര്‍ഡ് തിരുത്താനാകുമെന്നും ഗംഗയുടെ പ്രാധാന്യം എല്ലാവരിലും എത്തിക്കാനാവുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ഈ കൊച്ചുശ്രദ്ധ.

Related posts