കായംകുളം താലൂക്ക് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് മഴയില്‍ കുളിപ്പിച്ച്

alp-hospitalകായംകുളം: ശക്തമായി മഴപെയ്താല്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നവരുള്‍ പ്പടെയുള്ള രോഗികളെ  കായംകുളം താലൂക്കാശുപത്രിയി ലേക്ക് ആംബുലന്‍സില്‍ എത്തിച്ചാല്‍ മഴയില്‍ കുളിപ്പിച്ചു വേണം അകത്തേക്കു കടത്താന്‍.   അത്യാഹിതവിഭാഗം പുതിയ കെട്ടിടത്തി ലേക്കു മാറ്റിയെങ്കിലും ഈ കെട്ടിടത്തിനു മുമ്പില്‍ മുഖമണ്ഡപം ഇല്ലാത്തതാണു രോഗികളെ വലയ്ക്കുന്നത്. ആരെങ്കിലും സഹായത്തിനു കുടയുമായി വന്നാലും കൂടെയുള്ളവര്‍ മഴ നനയേണ്ടിവരും.

പലപ്പോഴും രോഗികളെ സ്‌ട്രെക്ച്ചറില്‍ കിടത്തിയാണു കൊണ്ടുവരുന്നത്. അതിനാല്‍ ഇതു രോഗികളെ വലിയ ദുരിതത്തിലാ ക്കുകയാണ്. അലുമിനിയം റൂഫ് ഷീറ്റുകൊണ്ട് മുഖമണ്ഡപം നിര്‍മിച്ചാലും പരിഹരിക്കാമെന്ന പ്രശ്‌നമേയുള്ളൂ. എന്നിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി മാനേജിംഗ് കമ്മിറ്റിയോ ബന്ധപ്പെട്ട അധികൃതരോ മുമ്പോട്ട് വന്നിട്ടില്ല.  മൂന്നുകോടി രൂപ വിനിയോഗിച്ച് നിര്‍മിച്ചതാണ് കെട്ടിടം. രോഗികള്‍ക്കു ചികിത്സ ലഭിക്കുന്നതിലെ കാലതാമസവും ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടും ഒഴിവാക്കാനാണ് അത്യാഹിതവിഭാഗവും ഒപിയും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ അപകടങ്ങളില്‍പ്പെട്ട് ആരെയെങ്കിലും കൊണ്ടുവന്നാല്‍ ഡോക്ടര്‍മാര്‍ ഓടിയെത്തണമായിരുന്നു. ആശുപത്രിവളപ്പിലെ രണ്ടു ഭാഗങ്ങളിലായിരുന്നു ഒപിയും അത്യാഹിതവിഭാഗവും പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ വാഹനാപകടങ്ങളില്‍ പരിക്കേറ്റവരെയുംകൊണ്ട് ആംബുലന്‍സുകള്‍ എത്തുമ്പോള്‍ ഒന്നുകില്‍ മഴനനച്ച് അത്യാഹിതവിഭാഗത്തിലേക്കെടുക്കണം. അല്ലെങ്കില്‍ മഴ തീരുംവരെ വാഹനത്തിനുള്ളില്‍ത്തന്നെ കിടത്തണമെന്നതാണ് അവസ്ഥ. അടിയന്തരമായി ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts