കൊല്ലങ്കോട്: കാലവര്‍ഷം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും കിഴക്കന്‍മേഖലയില്‍ മഴ ലഭിക്കാത്തതിനാല്‍ ചുള്ളിയാര്‍ അണക്കെട്ട് ഇപ്പോഴും വരണ്ടുകിടക്കുന്നു. ഇതിനാല്‍ മുതലമട പഞ്ചായത്തിന്റെ മലയോരമേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. നാമമാത്രമായുള്ള വീട്ടുകിണറുകളും വറ്റിയ നിലയിലാണ്.
കുടിവെള്ളപദ്ധതികളൊന്നും ഈ പ്രദേശത്ത് ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ കിണറുകളെമാത്രമാണ് വെള്ളത്തിനു ആശ്രയിക്കുന്നത്. ഹരിജന്‍ കുടുംബങ്ങള്‍ താമസിക്കുന്ന മൂച്ചന്‍കുണ്ട്, ചെമ്മണാംപതി, നീളിപ്പാറ, ഇടുത്തപ്പാറ, മേച്ചിറ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ശക്തമായിട്ടുള്ളത്. കഴിഞ്ഞവര്‍ഷം മേയ് അവസാനത്തോടെ മഴ ശക്തമായി ജലസംഭരണികള്‍ പെട്ടെന്നു നിറഞ്ഞിരുന്നു. മഴനീണ്ടുപോയാല്‍ മലയോരമേഖലകളിലേക്ക് ലോറികളില്‍ വെള്ളം എത്തിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.