കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍

knr-suvarnajubileകുഞ്ഞിമംഗലം: 1966ല്‍ നാല് ഡിവിഷനുകളിലായി നൂറു വിദ്യാര്‍ഥികളുമായി പ്രവര്‍ത്തനമാരംഭിച്ച കുഞ്ഞിമംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍. നാട്ടുകാരുടെയും പിടിഎയുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇന്ന് ഈ വിദ്യാലയം കേരളത്തിലെ തന്നെ മികച്ച സ്കൂളുകളുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. 1500 ല്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ഥി ബാഹുല്യം കാരണം 1977 മുതല്‍ സ്കൂളില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയെങ്കിലും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും കൂട്ടായപ്രയത്‌നത്തിലൂടെ 2004ല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുകയായിരുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലുന്ന രീതിയിലുള്ള അക്കാദമിക് നിലവാരം, മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങള്‍, നൂതന സാങ്കേതിക വിദ്യയിലൂന്നിയുള്ള ബോധനരീതി ഇവയെല്ലാം സ്കൂളിനെ ശ്രദ്ധേയമാക്കുന്നു. പാഠ്യ-പാഠ്യേതര പദ്ധതികളിലെ മികവ് കാരണം വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നുണ്ട്. 300ല്‍ കൂടുതല്‍ കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സംസ്ഥാനത്തെ തന്നെ അപൂര്‍വം സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണിത്.

കലോത്സവങ്ങള്‍, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയ മേള, കായിക മേള എന്നിവയില്‍ ജില്ലാ-സംസ്ഥാന തലത്തില്‍ മികച്ച പ്രകടനമാണ് വിദ്യാലയം കാഴ്ചവെച്ചിട്ടുള്ളത്. ഈ അധ്യയന വര്‍ഷം മാത്രം കുട്ടികളുടെ ആധിക്യം കാരണം മൂന്ന് അധിക ഡിവിഷനുകളാണ് ആരംഭിച്ചത്. കേരളത്തില്‍ മറ്റൊരു സര്‍ക്കാര്‍ വിദ്യാലയത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും.

Related posts