കുടുംബാംഗങ്ങളുടെ തിരോധാനം: പോലീസിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായി; അന്വേഷണം ഉടന്‍ കേന്ദ്ര ഏജന്‍സി ഏറ്റെടുക്കും

isസ്വന്തം ലേഖകന്‍

തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്) : പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളിലെ നിരവധിപേരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടു ഉടന്‍ തീരുമാനമാകുമെന്നു സൂചന. ഇതിനു മുന്നോടിയായി കാണാതായവരുടെ കുടുംബാംഗങ്ങള്‍ ചന്തേര പോലീസില്‍ നല്‍കിയ ഒന്‍പതു പരാതികളില്‍ പോലീസ് മൊഴി രേഖപ്പെടുത്തി. ഇതോടെ പോലീസിന്റെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായി.

കേരളത്തില്‍ പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെയും ഒടുവിലായി പരാതി ലഭിച്ച കണ്ണൂര്‍ ഉള്‍പ്പെടെയുള്ള മറ്റിടങ്ങളിലെ സമാനമായ കേസുകളിലും മൊഴിയെടുത്ത ശേഷമാവും അന്വേഷണം കേന്ദ്ര ഏജന്‍സിക്കു കൈമാറുക. പടന്ന, തൃക്കരിപ്പൂര്‍, ഇളമ്പച്ചി, ഉടുമ്പുന്തല പ്രദേശികളിലെ കാണാതായവരുടെ വീടുകളില്‍ ഇതിനകം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ എത്തി. അതേസമയം കുട്ടികളെ ഉള്‍പ്പെടെ കാണാതായ കേസുകളില്‍ മൂന്നെണ്ണം നീലേശ്വരം സിഐ പി.കെ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.

പടന്നയിലെ ഡോ.ഇജാസിന്റെ കുട്ടികളായ ആയിഷ, ഹയാന്‍, തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദിന്റെ മകള്‍ സാറ എന്നിവര്‍ ഉള്‍പ്പെട്ട തിരോധാന കേസുകളാണ് പ്രത്യേകമായി അന്വേഷിക്കുന്നത്. ബാക്കിയുള്ള ആറു കേസുകള്‍ ചന്തേര പോലീസ് നേരിട്ടാണ് അന്വേഷിക്കുന്നത്.  ഡോ.ഇജാസിന്റെ ഭാര്യ കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് സിയാറത്തിങ്കരയിലെ റുഫൈലയുടെ പിതാവ് റഫീഖിന് റുഫൈല അയച്ചുവെന്നു പറയുന്ന ശബ്ദ സന്ദേശം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ കാഞ്ഞങ്ങാട്, നീലേശ്വരം സിഐമാര്‍ വീട്ടിലെത്തിയെങ്കിലും മൊബൈലില്‍ സന്ദേശം കാണാനായില്ല. ടെഹ്‌റാനില്‍ നിന്നാണ് സന്ദേശം അയച്ചതെന്നാണ് റഫീഖ് പറയുന്നത്.

അവിടെ വാട്‌സ് ആപ്പോ, ഫേസ് ബുക്കോ ലഭ്യമല്ലെന്നും ഇവിടെയുള്ള ടെലിഗ്രാം സംവിധാനം വഴിയാണ് സന്ദേശം നാട്ടിലേക്ക് അയച്ചതെന്നുമാണ് പറയുന്നത്. അതു കൂടുതല്‍ സമയം നിലനില്‍ക്കില്ലെന്നും പറയുന്നു. സന്ദേശം തിരിച്ചെടുക്കാനുള്ള ശ്രമം പോലീസ് നടത്തുന്നുണ്ട്. എന്നാല്‍ ദേശീയ ശ്രദ്ധയുണ്ടായ തിരോധാന സംഭവത്തില്‍ സംസ്ഥാനത്തെ പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ പോലും പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ ഇത്ര ദിവസമായും എത്തിയില്ലെന്നതു  ശ്രദ്ധേയമാണ്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ വരെ ഡിജിപി എത്തിയിട്ടും അഞ്ചു കിലോമീറ്റര്‍ മാത്രമുള്ള തൃക്കരിപ്പൂരിലേക്ക് എത്താന്‍ അദ്ദേഹം തയായറായില്ല. എഡിജിപി ആര്‍.ശ്രീലേഖ പടന്ന സന്ദര്‍ശിക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ദിവസങ്ങളായിട്ടും ഇവിടേയ്ക്ക് എത്തിയില്ല. ജനങ്ങളുടെ ആശങ്ക ദൂരീകരിച്ച് കാണാതായവരെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യമുയരുന്നത്.

Related posts