പാലക്കാട്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്േറാള്മെന്റ്ചെയ്യുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരത്തിലെ അക്ഷയ സെന്റര്‍ നൂറ് രൂപ ഈടാക്കുന്നതായി പരാതി. ജില്ലയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്േറാള്മെന്റ് പൂര്‍ത്തീകരിക്കുന്നതിനായി 2016 ഏപ്രില്‍ എട്ട് വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതായി ജില്ലാ ഐസി ഡി എസ് പ്രോഗ്രാം ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതനുസരിച്ച് അക്ഷയ സെന്ററില്‍ എത്തിയ രക്ഷിതാക്കളുടെ പേരും മൊബൈല്‍ നമ്പറും എഴുതി വാങ്ങിയ ശേഷം മറ്റൊരു ദിവസം വരുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
കുട്ടിയുമായി അക്ഷയ സെന്ററില്‍ എത്തി ഫോട്ടോ എടുക്കല്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ കഴിഞ്ഞ ശേഷം സര്‍വ്വീസ് ചാര്‍ജ്ജ് ഇനത്തില്‍ നൂറ് രൂപ ആവശ്യപ്പെട്ടപ്പോഴാണ് രക്ഷിതാക്കള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. ഇത്രയും തുക ഈടാക്കുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ അക്ഷയ സെന്ററിലെ ചുമതലയുള്ള വ്യക്തിയോട് അന്വേഷിച്ചപ്പോള്‍ സര്‍ക്കാര്‍ ഒന്നും തരുന്നില്ലെന്നായിരുന്നുവത്രെ മറുപടി. ഇവര്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികാരിക്കള്‍ക്കും പരാതി നല്കുവാന് ഒരുങ്ങുകയാണ് ഒരു കൂട്ടം രക്ഷിതാക്കള്‍.