ആന റോഡിലൂടെ ഓടി; വിരണ്ടെന്നു തെറ്റിദ്ധരിച്ചു ജനക്കൂട്ടം പുറകേ ഓടി; പോലീസെത്തിയപ്പോള്‍ ആന ഓടിയ രഹസ്യം പാപ്പാന്‍മാര്‍ പറഞ്ഞു

ktm-aanaകടുത്തുരുത്തി: കുളിപ്പിച്ച ശേഷം തിരികെ കൊണ്ടു പോവൂകയായിരുന്ന ആന ഓടിയതിനൊപ്പം പാപ്പാന്മാരും ഓടി. ആന വിരണ്ടോടിയതാണെന്നു കരുതി നാട്ടുകാരും പുറകെ ഓടിയതോടെ ജനം പരിഭ്രാന്തരായി. ഇന്നലെ വൈകൂന്നേരം 5.15 ഓടെ നമ്പ്യാകുളത്താണ് സംഭവം. തിരുവല്ല സ്വദശിയുടെതാണ് ആന. തൃപ്പൂണിത്തുറയില്‍ ചടങ്ങിന് കൊണ്ടുപോയ ശേഷം നമ്പ്യാകുളത്ത് എത്തിച്ച ആനയെ ചാത്തമലയിലുള്ള ഒന്നാം പാപ്പാന്റെ വീട്ടിലാണ് തളച്ചിരുന്നത്. ഇന്നലെ വൈകൂന്നേരം പാപ്പന്മാര്‍ ഇരുവരും ആനയെ കുളിപ്പിച്ച ശേഷം ചാത്തമലയിലേക്കു തിരികെ കൊണ്ടു പോകുമ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്.

കുളിച്ചു ഉഷാറായതോടെ ആന റോഡിലൂടെ ഓടാന്‍ തുടങ്ങി. ആനയ്‌ക്കൊപ്പം പാപ്പാന്മാരും ഓടിയതോടെ കണ്ടുനിന്ന നാട്ടുകാര്‍ ധരിച്ചത് ആന വിരണ്ടോടുകയാണെന്നാണ്.  ഇതോടെ ആനയ്ക്കു പിന്നാലെ നാട്ടുകാരും ഓട്ടം തുടങ്ങി. ഇതിനിടെ നമ്പ്യാകുളത്ത് ആന വിരണ്ടതായി ആരോ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കടുത്തുരുത്തി എസ്‌ഐ കെ.ആര്‍. പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസും പാഞ്ഞെത്തി. പോലീസെത്തിയ പാപ്പന്മാരോട് കാര്യങ്ങള്‍ തിരക്കിയപ്പോളാണ് ആന വിരണ്ടോടിയതല്ലെന്ന് മനസിലായത്.

ഇതിനിടെ ആനം വിരണ്ടെന്നു വാര്‍ത്ത കേട്ട് ആളുകള്‍ തടിച്ചു കൂടിയതോടെ പാപ്പന്മാര്‍ പോലീസിന്റെ സഹായം തേടി. ആളുകള്‍ കൂടിയില്‍ ആന വിരണ്ടോടാന്‍ സാധ്യതയുണ്ടെന്നും ജനക്കൂട്ടത്തെ പിരിച്ചു വിടണമെന്നുമായിരുന്നു പാപ്പന്മാരുടെ ആവശ്യം. ഒടുവില്‍ ആനയെ തളയ്ക്കാനെത്തിയ പോലീസ് ആന വിരണ്ടോടാതിരിക്കാന്‍ ജനക്കൂട്ടത്തെ ഓടിച്ചു വിടുകയായിരുന്നു. ജനം പിരിഞ്ഞതോടെ ആനയുമായി പാപ്പന്മാരും മടങ്ങി. ഇതേസമയം പാപ്പന്മാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.

Related posts