സുല്‍ത്താന്‍ ബത്തേരി: കൃഷിയിടത്തില്‍ ഇറങ്ങി ഭീഷണിയുയര്‍ത്തിയ കാട്ടുകൊമ്പനെ മയക്കുവെടിവച്ച് പിടികൂടി. കല്ലൂര്‍ അറുപത്തേഴ് വനത്തില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. വെറ്ററിനറി ഡോ. അനില്‍ സഖറിയ ആണ് ആനയെ മയക്കുവെടി വച്ചത്. ഡോ. ജിജിമോനും ഒപ്പമുണ്ടായിരുന്നു. 30 വയസ്പ്രായമുള്ള കാട്ടുകൊമ്പനെ രാവിലെ പത്തോടെ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു.
ജനവാസ കേന്ദ്രങ്ങളിലെത്തി പ്രശ്‌നം സൃഷ്ടിക്കുന്ന കാട്ടാന കല്ലൂര്‍ കൊമ്പനെ പിടികൂടി മുത്തങ്ങ പന്തിയിലെത്തിക്കാന്‍ സര്‍വ സന്നാഹങ്ങളുമൊരുക്കിയാണ് സംഘം ദൗത്യത്തിനായി ഇറങ്ങിയത്. തമിഴ്‌നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതത്തിലെ ആനപ്പന്തിയിലുള്ള രണ്ടു കുങ്കിയാനകളെ ഇന്നലെ രാത്രിയോടെതന്നെ മുത്തങ്ങയിലെത്തിച്ചിരുന്നു. മുത്തങ്ങയിലെത്തിയ രണ്ടു കുങ്കിയാനകളും കൊമ്പന്‍മാരാണ്. ദൗത്യത്തിനെത്തിയ രണ്ടു മറുനാടന്‍ കുങ്കിയാനകള്‍ക്ക് പുറമെ മുത്തങ്ങ ആനപ്പന്തിയിലെ കുഞ്ചുവും പ്രമുഖയും ദൗത്യ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വാളയാര്‍ ട്രെയിനിംഗ് ക്യാംപില്‍ നിന്നാണ് 30 അംഗ വനപാലകസേനയെ മുത്തങ്ങയിലെത്തിച്ചത്. ഫഌയിംഗ് സ്ക്വാഡ് ഡിഎഫ്ഒ പി.കെ. ആസിഫും കര്‍ണാടകയില്‍ നിന്നെത്തിയ മറ്റൊരു ഡിഎഫ്ഒയും മുതുമലൈയില്‍ നിന്നുള്ള പാപ്പാന്‍മാരും ദൗത്യസംഘത്തോടൊപ്പമുണ്ടായിരുന്നു. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ് കുമാര്‍ റേഞ്ചര്‍മാരായ കൃഷ്ണദാസ്, അജിത് കെ. രാമന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്.