കേന്ദ്രമന്ത്രിക്കു പ്രണയസാഫല്യം! വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ എയര്‍ ഹോസ്റ്റസ് ആയ രചന ശര്‍മയെ മന്ത്രി വിവാഹം ചെയ്തു; ബാബുളിന്റെ രണ്ടാം വിവാഹമാണിത്

ministerപ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയ്ക്കു പ്രണയസാഫല്യം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ എയര്‍ ഹോസ്റ്റസ് ആയ രചന ശര്‍മയെയാണു മന്ത്രി വിവാഹം ചെയ്തത്.    പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും അടക്കം വിവിഐപികളുടെ സാന്നിധ്യത്തിലായിരുന്നു യുവ മന്ത്രിയുടെ മിന്നുകെട്ട്. എല്‍.കെ. അഡ്വാനി, രാജ്‌നാഥ് സിംഗ്, ദിഗ്‌വിജയ് സിംഗ്, വെങ്കയ്യ നായിഡു, സ്പീക്കര്‍ സുമിത്രമഹാജന്‍, ജ്യോതിരാദിത്യ സിന്ധ്യ, ശശി തരൂര്‍ എന്നിവര്‍ മുതല്‍ സംഗീത സംവിധായകന്‍ അനു മാലിക് വരെയുള്ളവര്‍ അശോക ഹോട്ടലില്‍ നടന്ന വിവാഹ ചടങ്ങില്‍ ബാബുളിനു മംഗളങ്ങള്‍ നേരാനെത്തി.

ബാബുളിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ റിയയില്‍ ഒരു മകളുണ്ട്. കോല്‍ക്കത്തയില്‍നിന്നു മുംബൈയിലേക്കുള്ള ഒരു വിമാന യാത്രയ്ക്കിടെ പരിചയപ്പെട്ട രചന ശര്‍മയുമായി പ്രണയത്തിലാവുകയായിരുന്നുവെന്നു ബാബുള്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണത്. പ്രണയം തുടങ്ങിയ ശേഷമാണു ബാബുളിനെ കേന്ദ്ര ഘനവ്യവസായ സഹമന്ത്രിയാക്കിയത്. ജെറ്റ് എയര്‍വേസിലെ ജീവനക്കാരിയായ രചന ഡല്‍ഹിയിലാണു താമസം. ബംഗാളിയായ ബാബുള്‍ കേന്ദ്രമന്ത്രിയാകുന്നതു വരെ കോല്‍ക്കത്തയിലായിരുന്നു സ്ഥിരതാമസം.

ആകാശത്തു 35,000 അടി മുകളില്‍ മൊട്ടിട്ട പ്രണയം സാഫല്യമായതില്‍ ഏറെ സന്തോഷമുണ്ടെന്നു മന്ത്രി രാഷ്്ട്രദീപികയോടു പറഞ്ഞു. രചനയുടെ ലാളിത്യമാണു തന്നെ വീഴ്ത്തിയതെന്നു ബാബുള്‍ പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയില്‍ പേരു ചോദിച്ച കൂട്ടത്തില്‍ രചനയുടെ മൊബൈല്‍ നമ്പരും വാങ്ങിയിരുന്നു. പിന്നീടു ടെലിഫോണിലൂടെയാണു പ്രേമം വിരിഞ്ഞുതുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.

Related posts