കൊച്ചി: കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതീ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം എന്‍ഐഎ ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്ത റിസ്വാന് ഖാനെയും ആര്‍ഷി ഖുറേഷിയെയും എന്‍ഐഎ ചോദ്യം ചെയ്യും.
കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിയായ യാസ്മിന് അഹമ്മദിനെയും എന്‍ഐഎ ചോദ്യം ചെയ്യും. കടവന്ത്രയിലുള്ള എന്‍ഐഎ കൊച്ചി ഓഫീസ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുമതി ലഭിക്കുന്നമുറയ്ക്ക് എഫ്ഐആറുകള്‍ ഇന്നോ നാളെയോ എറണാകുളം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ കാണാതായ 19 പേര്‍ക്കെതിരെയും യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതില്‍ 14 പേര് കാസര്‍ഗോഡുകാരും അഞ്ച് പേര് പാലക്കാട് സ്വദേശികളുമാണ്.
കാണാതായ സ്ത്രീകളെയും കുട്ടികളെയും കേസില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളും പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളുമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. മറ്റു കേസുകളുമായി ബന്ധമുള്ളതിനാല്‍ എറണാകുളത്തും തിരുവനന്തപുരത്തും രജിസ്റ്റര്‍ ചെയ്ത കേസും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. എല്ലാ കേസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് കൊച്ചിയിലെ കേസ് പ്രത്യേകം ഏറ്റെടുക്കാത്തത്.
കാസര്‍ഗോട്ടും പാലക്കാട്ടും നടന്നുവരുന്ന കേസുകള്‍ എറണാകുളത്തേക്കു മാറ്റുന്നതിനായി രണ്ടു കോടതികളിലും അപേക്ഷ നല്‍കും. കാസര്‍ഗോഡ് രണ്ടു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെ 17 പേരെ കാണാതായ സംഭവത്തിലാണ് ചന്ദേര സ്റ്റേഷനില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലക്കാട്ടുനിന്നു രണ്ടു സഹോദരന്മാരേയും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നുമുള്ള അവരുടെ ഭാര്യമാരെയും കാണാതായതുമായി ബന്ധപ്പെട്ടാണ് രണ്ടു കേസുകളുള്ളത്.