കൊടുവായൂര്‍ ടൗണ്‍ മാലിന്യത്താല്‍ നിറയുന്നു; സമയോചിതമായ ശുചീകരണം നടത്താത്താണ് ഇതിന് കാരണമെന്ന് നാട്ടുകാര്‍

pkd-malinyamകൊടുവായൂര്‍: ടൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും വഴിയോരങ്ങളിലുമായി കാണപ്പെടുന്ന പച്ചക്കറി, അറവുമാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്ന ജനകീയാവശ്യം ശക്തമായി. നൊച്ചൂര്‍ വളവ്, കിഴക്കേത്തല, പിട്ടുപീടിക, കുഴല്‍മന്ദം റോഡ് ജലസംഭരണിക്കുസമീപം എന്നിവിടങ്ങളിലാണ് വ്യാപക തോതില്‍ മാലിന്യം നിറഞ്ഞു കിടക്കുന്നത്. സമയോചിതമായി ശുചീകരണം നടത്താത്തതാണ് മാലിന്യം നിറയുന്നതിനു കാരണമെന്നാണ് പരാതി.

നൊച്ചൂര്‍വളവില്‍ രാത്രികാലത്ത് റോഡിന് ഇരുവശത്തും മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുമ്പ് നാട്ടുകാര്‍ വഴിതടയല്‍ സമരം നടത്തി പ്രതിഷേധിച്ചിരുന്നു.അന്നു സ്ഥലത്തെത്തിയ പഞ്ചായത്ത് സെക്രട്ടറി എത്രയുംവേഗം ശുചീകരണം നടത്തുമെന്നു ഉറപ്പും നല്കിയിരുന്നു. എന്നാല്‍ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് മാത്രമാണ് പിന്നീട് വച്ചത്. ബോര്‍ഡിനു സമീപത്താണ് ചാക്കില്‍കെട്ടിയ മാലിന്യം രാത്രികാലത്ത് നിക്ഷേപിക്കുന്നത്.

പകല്‍സമയത്ത് മാലിന്യം നിക്ഷേപിക്കാനെത്തിയ ഓട്ടോ പിടികൂടി നാട്ടുകാര്‍ പുതുനഗരം പോലീസിനു കൈമാറി കേസെടുത്തിരുന്നു. എന്നാല്‍ രാത്രികാലത്തു മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ അധികൃതരില്‍നിന്നും നടപടിയുണ്ടാകുന്നില്ലെന്ന ആരോപണമുണ്ട്. മാലിന്യ നിക്ഷേപ സ്ഥലത്തിനു സമീപത്തെ വീടുകളിലും ഹോട്ടലുകളിലും ദുര്‍ഗന്ധംമൂലം ഭക്ഷണം കഴിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതിനു പുറമേ കൊതുകു വ്യാപനവും പ്രദേശത്ത് ശക്തമായതിനാല്‍ പകര്‍ച്ചവ്യാധി ഭീതിയും നിലനില്ക്കുന്നു

Related posts