രാജീവ് ഡി.പരിമണം
കൊല്ലം: ഓരോ അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുന്തോറും കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷീണിക്കുകയാണ്. കഴിഞ്ഞ മൂന്നു അസംബ്ലി തെരഞ്ഞെടുപ്പുകളിലും ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എംഎല്‍എയാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടാക്കിയിരിക്കുന്ന ക്ഷീണം ചെറുതല്ല. 2006മുതല്‍ തുടങ്ങിയതാണ് കോണ്‍ഗ്രസിന് ശാപം. സംസ്ഥാനത്ത് യുഡിഎഫ് ഭരണം വന്നാലും കൊല്ലത്ത് കോണ്‍ഗ്രസിന് രക്ഷയില്ലാത്ത സ്ഥിതിയാണ്. ബ്ലോക്ക് മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ എല്ലായിടത്തും ഉണ്ടെങ്കിലും പ്രവര്‍ത്തനം വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ നടത്തുന്നവരാണെന്ന് പൊതുവേ ആക്ഷേപമുണ്ട്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുന്നതിന്റെ വോട്ട് ശതമാനവും വര്‍ധിച്ചുവരികയാണ്. കെപിസിസിയും ഡിസിസിയും പാര്‍ട്ടി ശക്തമാണെന്ന് പറയുമ്പോഴും വോട്ട് കുറയുന്നതെങ്ങനെയെന്ന് നേതാക്കള്‍ പഠിക്കേണ്ടിയിരിക്കുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍, കുണ്ടറ, ചടയമംഗലം, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കുണ്ടറയില്‍ 14869 വോട്ടിനാണ് കോണ്‍ഗ്രസ് നേതാവ് കടവൂര്‍ ശിവദാസന്‍ എം.എ ബേബിയോട് പരാജയപ്പെട്ടത്. ചടയമംഗലത്താകട്ടെ മുല്ലക്കര രത്‌നാകരനോട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ 4653 വോട്ടിന് പരാജയപ്പെട്ടു. ചാത്തന്നൂരില്‍ പ്രതാപവര്‍മതമ്പാന്‍ എന്‍.അനിരുദ്ധനോട് 23180 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കുന്നത്തൂരില്‍ രാമഭദ്രന്‍ 22573 വോട്ടിന് തറപറ്റി. പത്തനാപുരത്ത് മത്സരിച്ച കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.ബി ഗണേഷ്കുമാര്‍ മാത്രമാണ് അന്ന് വിജയിച്ച് യുഡിഎഫിന്റെ നാണക്കേട് ഒഴിവാക്കിയത്.
2011 ലെ അസംബ്ലിതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ദയനീയ പരാജയമായിരുന്നു. ആറുസീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. കുന്നത്തൂരില്‍ പി.കെ രവി 12088 വോട്ടിനാണ് കുഞ്ഞുമോനോട് പരാജയപ്പെട്ടത്. പുനലൂരില്‍ ജോണ്‍സണ്‍ എബ്രഹാം 18005 വോട്ടിനും ചടയമംഗലത്ത് ഷാഹിദാകമാല്‍ 23624 വോട്ടിനും പരാജയപ്പെട്ടു. കുണ്ടറയില്‍ ജര്‍മിയാസ് 14793 വോട്ടിനും കൊല്ലത്ത് കെ.സി രാജന്‍ 12589 വോട്ടിനുമാണ് പരാജയപ്പെട്ടത്. ചവറയില്‍ ഷിബുബേബീജോണും പത്തനാപുരത്ത് കെ.ബി ഗണേഷ്കുമാറുമാണ് അന്ന് യുഡിഎഫ് മുഖം രക്ഷിച്ചത്.
ഇക്കുറി ഏഴുസീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ അങ്കത്തട്ടിലിറങ്ങിയത്. കൊട്ടാരക്കരയില്‍ സവിന്‍സത്യന്‍ 42632 വോട്ടിന് അയിഷാപോറ്റിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു. ജില്ലയിലെ ഏറ്റവുംവലിയ ഭൂരിപക്ഷമാണിത്. താരമത്സരം നടന്ന പത്തനാപുരത്ത് ജഗദീഷ് 24562 വോട്ടിനാണ് ഗണേഷ്കുമാറിനോട് തോറ്റത്. ചടയമംഗലത്ത് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ 21928 വോട്ടിനും കുണ്ടറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 30460 വോട്ടിനും പരാജയമേറ്റുവാങ്ങി. കൊല്ലം മണ്ഡലത്തില്‍ 17611 വോട്ടിനാണ് സൂരജ് രവി പരാജയപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായ ഡോ.ശൂരനാട് രാജശേഖരന്‍ ചാത്തന്നൂരില്‍ 34407 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് 1759 വോട്ടിനാണ് തറപറ്റിയത്. ഇക്കുറി ജില്ലയിലെ 11 മണ്ഡലങ്ങളും നേടിയ കരുത്തില്‍ എല്‍ഡിഎഫ് ക്യാമ്പ് ആഹ്ലാദിക്കുമ്പോള്‍ കോണ്‍ഗ്രസ് മ്ലാനതയിലാണ്.