കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം മൂന്നംഗസമിതി പാനല്‍ തയാറാക്കും

knr-congressകണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലങ്ങളിലേയും സ്ഥിതിഗതികളെക്കുറിച്ചും സ്ഥാനാര്‍ഥികളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജില്ലകള്‍തോറും മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡിസിസി പ്രസിഡന്റുമാരാണ് സമിതിയുടെ കണ്‍വീനര്‍മാര്‍. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കണ്‍വീനറായ സമിതിയില്‍ കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനും ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനുമാണ് അംഗങ്ങള്‍. കാസര്‍ഗോട്ടെ സമിതിയില്‍ ഡിസിസി പ്രസിഡന്റ് സി.കെ. ശ്രീധരന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സതീശന്‍ പാച്ചേനി എന്നിവരാണ് അംഗങ്ങള്‍.

ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാര്‍, ഡിസിസിയുടെ നിലവിലുള്ള ഭാരവാഹികള്‍, മുന്‍ ഭാരവാഹികള്‍ തുടങ്ങിയവരുമായി ചര്‍ച്ചകള്‍ നടത്തി വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പാനല്‍ തയാറാക്കും. 29ന് മുമ്പ് കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം, കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ക്കുപുറമെ ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്.

വിജയസാധ്യത തന്നെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യഘടകം. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍ എന്നിവയാണ് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകള്‍. മന്ത്രി കെ.സി. ജോസഫ് ഇരിക്കൂറില്‍ എട്ടാം തവണയും മത്സരിക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. മന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ കോടികളുടെ വികസനം എത്തിക്കാനായ കെ.സി. ജോസഫിനെ നിര്‍ത്തിയാല്‍ വിജയത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നു പാര്‍ട്ടി നേതൃത്വം കരുതുന്നു. സ്വയം പിന്‍മാറാന്‍ തീരുമാനിച്ചാല്‍ മാത്രമേ പകരം സ്ഥാനാര്‍ഥിയെ തേടുകയുള്ളൂവെന്നും അറിയുന്നു. ജോസഫ് മാറിയാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിക്കായിരിക്കും പ്രഥമപരിഗണനയെന്നും സൂചനയുണ്ട്.

പേരാവൂരില്‍ നിയമസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച സണ്ണി ജോസഫ് തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മറ്റൊരുപേര് ഇവിടെ പരിഗണിക്കാന്‍തന്നെ നിലവില്‍ സാധ്യതയില്ല. കണ്ണൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംഎല്‍എ എ.പി. അബ്ദുള്ളക്കുട്ടിക്ക് വിജയസാധ്യതയുണെ്ടങ്കിലും കെ. സുധാകരന്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുണ്ട്. സുധാകരന്‍ സീറ്റിനുവേണ്ടി ഉറച്ചുനിന്നാല്‍ അബ്ദുള്ളക്കുട്ടിക്കു മറ്റൊരു മണ്ഡലം നല്‍കി മാറ്റാനാണു സാധ്യത. ഉദുമ, തൃക്കരിപ്പൂര്‍, തലശേരി മണ്ഡലങ്ങളിലൊന്നായിരിക്കും അദ്ദേഹത്തിനുവേണ്ടി പരിഗണിക്കുക.

ഘടകകക്ഷികളില്‍ മുസ്‌ലിംലീഗിന്റെ സിറ്റിംഗ് സീറ്റാണ് അഴീക്കോട്. സിറ്റിംഗ് എംഎല്‍എയായ കെ.എം. ഷാജി തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. എന്നാല്‍ മലപ്പുറം ജില്ലയിലെ ഏതെങ്കിലുമൊരു സീറ്റിനുവേണ്ടി ഷാജി ശ്രമം നടത്തുന്നുണെ്ടന്ന് സൂചനയുണ്ട്. ജനതാദള്‍-യുവിന്റെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ്-എമ്മിനു നല്‍കിയ തളിപ്പറമ്പും ജനതാദള്‍-യുവിനു നല്‍കിയ മട്ടന്നൂരും ഇത്തവണയും അവര്‍ക്കു നല്‍കിയേക്കുമെങ്കിലും അവര്‍ സ്വീകരിക്കുമോയെന്ന കാര്യത്തില്‍ നിശ്ചയമില്ല. കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, തലശേരി എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. എന്നാല്‍ ഇവിടങ്ങളില്‍ കഴിഞ്ഞതവണ മത്സരിച്ചവര്‍ മാറി പുതിയ സ്ഥാനാര്‍ഥികള്‍ എത്താനാണു സാധ്യത.

Related posts