ചെറായി : സമരം വിജയപഥത്തില്‍ എത്തിച്ചതിന്റെ മധുരം നുണഞ്ഞ് തീരദേശത്ത് വീട്ടമ്മാര്‍ പള്ളിപ്പുറം കോണ്‍വെന്റ് കടപ്പുറത്ത് നടത്തി വന്നിരുന്ന അനിശ്ചിതകാല ഉപവാസം അവസാനിപ്പിച്ചു. എല്ലാവര്ക്കും ലഡു വിതരണം ചെയ്തും സന്തോഷസൂചകമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും സമരത്തിനു ചുക്കാന്‍ പിടിച്ച ജനറല്‍ കണ്‍വീനര്‍ ഡെയ്സി ജോണ്‍സണെ ചുമലിലേറ്റി ആനന്ദ നൃത്തം ചവിട്ടിയുമാണ് വീട്ടമ്മമാര്‍ സമരപ്പന്തലില്‍ നിന്നും വിട ചൊല്ലിയത്. പാലം നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിക്കുകയും നാലുപേര്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.
ഇനിയുള്ള നടപടികളില്‍ ഉഴപ്പിയാല്‍ സമരം തുടരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പിരിഞ്ഞുപോയത്. 540-ാം ദിവസമായ ഇന്നലെ അവസാനമായി ഉപവസിച്ച ഭവാനി നാണുവിനു ബാലസാഹിത്യ പുരസ്കാര ജേതാവായ സിപ്പി പള്ളിപ്പുറം നാരങ്ങാ നീരു നല്‍കിയതോടെയാണ് സമരത്തിനു തിരശീല വീണത്. കോണ്‍വെന്റ് കടവില്‍ പാലം വേണമെന്ന എന്ന ആവശ്യമുന്നയിച്ച് ജനകീയ സമര സമിതിയുടെ പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി വീട്ടമ്മാര്‍ അനിശ്ചിതകാല റിലേ ഉപവാസ സമരവുമായി കോണ്‍വെന്റ് കടപ്പുറത്തെ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. ഏറെ നാളത്തെ ജനകീയ ആവശ്യമായിരുന്നു പാലം. സമരം തുടങ്ങിയതോടെ സര്‍ക്കാര്‍ നബാര്‍ഡില്‍ നിന്നും 16.5 കോടി തരപ്പെടുത്തി പാലം നിര്‍മ്മാണത്തിനായുള്ള നടപടികള്‍ തുടങ്ങി.
എന്നാല്‍ ഉദ്യോഗസ്ഥന്മാര് ഉഴപ്പിയതിനാല്‍ നടപടികള്‍ നീണ്ടുപോയി. പക്ഷേ പാലം പണി ആരംഭിക്കാതെ സമരം നിര്‍ത്തില്ലെന്ന കര്‍ക്കശ നിലപാടുമായി സമര സമിതി സമരം തുടര്‍ന്നു വരുകയായിരുന്നു. പാലത്തിനായി കോണ്‍വെന്റ് കായിലല് കഴുത്തറ്റം വെള്ളത്തില്‍ നിന്ന് ധര്‍ണ്ണ നടത്തിയായിരുന്നു സമരത്തിനു തുടക്കം കുറിച്ചത്. പിന്നീട് പഞ്ചായത്ത് ഉപരോധം, ചെറായി ബീച്ച് ഉപരോധം, തെരഞ്ഞെടുപ്പ് ബഹിഷ്കരണം, തുടങ്ങിയ സമര മുറകളും പരീക്ഷിച്ചു. ഒടുവില്‍ ബീച്ചില്‍ സമരപ്പന്തല്‍ കെട്ടി 2014 ഒക്ടോബര്‍ ഒന്നിനാണ് വീട്ടമ്മമാര്‍ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുകയായിരുന്നു.