തളിപ്പറമ്പ്: കോര്‍ട്ട് റോഡില്‍ നിന്നും മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ മാലിന്യനിക്ഷേപം അതിരൂക്ഷമായി തുടരുന്നു. മാര്‍ക്കറ്റിലേക്ക് പുറമെ ജില്ലാ വെക്ടര്‍ കണ്ട്രോള് ഓഫീസ്, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസ്, സെന്റ് മേരീസ് ഫൊറോന ദേവാലയം എന്നിവിടങ്ങളിലേക്കുള്ള ഈ റോഡരികില്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് പരസ്യമായി മാലിന്യനിക്ഷേപം നടക്കുന്നത്.
റോഡിന് മറുവശത്തുള്ള ആക്രിസാധനങ്ങള്‍ ശേഖരിക്കുന്ന കടയില്‍നിന്നും ഉപയോഗശൂന്യമായവ റോഡിന്റെ മറുവശത്ത് കൊണ്ടുവന്ന് കൂട്ടിയിടുകയാണ്. തളിപ്പറമ്പ് ടൗണില്‍ നിന്നും തീര്‍ഥാടന കേന്ദ്രമായ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ എത്താനുള്ള എളുപ്പവഴിയും ഇതാണ്. ഞായറാഴ്ചകളിലും മറ്റ് ദിവസങ്ങളിലും ദേവാലയത്തിലേക്ക് പോകുന്ന നിരവധിപേര്‍ ഈ റോഡിലുടെയാണ് കടന്നുപോകുന്നത്.
നഗരസഭാ ഓഫീസിലേക്ക് ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ നടന്നുപോകുന്ന റോഡ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞിട്ടും ആരും യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഈ റോഡിലെ മാലിന്യങ്ങള്‍ മാറ്റാന്‍ നഗരസഭ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്.