കൊല്ലം :കരിമണല്‍ ഖനനത്തിനായി ഐആര്‍ഇ ഏറ്റെടുത്ത് ഖനനം പൂര്‍ത്തിയാക്കിയ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നീണ്ടകര വില്ലേജിലെ പുത്തന്‍തുറ, ചവറ വില്ലേജിലെ കരിത്തുറ, കോവില്‍ത്തോട്ടം എന്നീ പ്രദേശങ്ങളിലും പുത്തന്‍തുറ സ്കൂള്‍ സ്ഥലവും ഐആര്‍ഇ ഖനനം പൂര്‍ത്തിയാക്കി. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഉടമസ്ഥര്‍ക്ക് ഭൂമി തിരികെ നല്‍കാത്തതു കൊണ്ട് പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് എം.പി. ലോക്‌സഭയില്‍ അവതരിപ്പിച്ചു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂ ഉടമകളുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഖനനശേഷം വസ്തു ഉടമകള്‍ക്ക് തിരികെ നല്‍കണമെന്നും പുനരധിവാസ പാക്കേജ് നടപ്പാക്കണമെന്നുമാണ് വ്യവസ്ഥയുളളതാണ്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ഐആര്‍ഇ തയാറായില്ല. ഇതു മൂലം ഭൂ ഉടമകള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം ഉണ്ടാകണം.
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വൈകുന്നതാണ് ഭൂമി ഉടമകള്‍ക്ക് കൈമാറ്റം ചെയ്യാന്‍ കാലതാമസമുണ്ടാക്കിയത്. ഐ.ആര്‍.ഇ യുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗത്തു നിന്നുണ്ടാകുന്ന ജനവിരുദ്ധ നിലപാട് ന്യായീകരിക്കാവുന്നതല്ല. സ്കൂളിന്റെ ഭൂമി പോലും മടക്കി നല്‍കുന്നതിന് തയ്യാറാകാതിരിക്കുന്നത് ഗുരുതരമാണ്.ഖനന വ്യവസ്ഥകള്‍ പ്രകാരമുളള ഭൂമി കൈമാറ്റം ത്വരിത ഗതിയിലാക്കാനും പുനരധിവാസം സുഗമമാക്കാനും കേന്ദ്ര സര്‍ക്കാര്‍ അനുമതി അടിയന്തിരമായി നല്‍കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.