കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളജില്‍ വിദ്യാര്ഥിനികളിറക്കിയ വനിതാദിന ലഘുലേഖയെച്ചൊല്ലി വിവാദം. ഏതാനും വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് എഴുതി തയ്യാറാക്കിയ ലഘുലേഖയുടെ ഫോട്ടോകോപ്പി കഴിഞ്ഞദിവസം കാമ്പസില്‍ വിതരണം ചെയ്തിരുന്നു.
രാജ്യത്തെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കത്തിന്റെ രൂപത്തില്‍ വിവരിക്കുന്നതായിരുന്നു ഉള്ളടക്കം. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ ഇതിലുണ്ടെന്ന് മറ്റു ചില വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെയാണ് വിവാദം ഉടലെടുത്തത്. പരാതി പരിഗണിച്ച പ്രിന്‍സിപ്പല്‍, ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിനു നടപടിയെടുക്കുമെന്ന് പറഞ്ഞുവെന്നാണ് ആരോപണം.
ലഘുലേഖയില്‍ രാജ്യദ്രോഹ ഉള്ളടക്കമാണ് അടങ്ങിയിട്ടുള്ളതെന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അത് പോലീസിന് കൈമാറാന്‍ പോവുകയാണെന്നും പ്രിന്‍സിപ്പല്‍ ഭീഷണിസ്വരത്തില്‍ പറഞ്ഞതായാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. പരാതി നല്കിയതു ആരാണെന്നും വെളിപ്പെടുത്തിയില്ല.
പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ പ്രതിഷേധം നടത്തുമെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. കശ്മീര്‍, ദളിത് വിഷയങ്ങളും സോണി സോറി, ഇറോം ഷര്‍മ്മിള, ചിത്രലേഖ തുടങ്ങിവരുടെ വിഷയങ്ങളും ചര്‍ച്ചചെയ്തുകൊണ്ടുള്ള ലഘുലേഖയാണ്് വിദ്യാര്‍ത്ഥിനികള്‍ എഴുതി തയാറാക്കിയിരുന്നത്.
രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിളിച്ചുപറയുന്നത് എങ്ങിനെയാണ് രാജ്യദ്രോഹമാവുകയെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നു. ഇന്ത്യയ്ക്കകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് തങ്ങള്‍ ലഘുലേഖയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് എങ്ങിനെയാണ് രാജ്യദ്രോഹമാവുകയെന്നും അവര്‍ക്കെതിരെ തിരിയുന്നതാണ് രാജ്യദ്രോഹം അല്ലാതെ അവരുടെ പ്രശ്നം വിളിച്ചു പറയുന്നതല്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.