മൂന്നു വിവാഹം കഴിച്ചിട്ടും കുട്ടികളില്ല ! നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് പിടിയില്‍…

ആദ്യ മൂന്ന് വിവാഹബന്ധങ്ങളിലും കുട്ടികളില്ലായിരുന്നതോടെ 13കാരിയെ കല്യാണം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.

തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്.

സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്‍. രാധാകൃഷ്ണന്‍ (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള്‍ വുമന്‍ പോലീസ് അറസ്റ്റുചെയ്തു.

രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന്‍ കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന്‍ വിവാഹം ഉറപ്പിച്ചു.

സ്‌കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി.

വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു.

സമിതി പ്രാഥമികാന്വേഷണം നടത്തിയശേഷം പോലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടിയിലായവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment