ഗുരുവിന്റെ ദര്‍ശനങ്ങള്‍ ശുദ്ധമനസോടെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കെ.ജെ യേശുദാസ്

ktm-yesudasകഴക്കൂട്ടം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ശുദ്ധമനസോടെ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പത്മഭൂഷണല്‍ ഡോ. കെ.ജെ. യേശുദാസ് പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തില്‍ നിര്‍മിച്ച പ്രവേശന കവാടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവചനങ്ങള്‍ അശുദ്ധമായിട്ടല്ലാതെ പ്രജ്ഞയോടെ പറയുന്നവര്‍ക്ക് മാത്രമേ അതിനെ പ്രവൃത്തി പഥത്തില്‍ എത്തിക്കാന്‍ കഴിയൂ. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന നാല് വരികളിലൂടെ മാനവസമൂഹത്തിന്റെ നന്മയും നിലനില്‍പ്പും ലോകത്തിനുമുന്നില്‍ വരച്ചിട്ട ഇതുപോലൊരു മഹാന്‍ ജനിച്ചിട്ടില്ലാ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കൊള്ളക്കാരനായിരുന്ന രത്‌നാകരന്‍ വാല്മീകിയായ ഭാരതത്തില്‍ രത്‌നാകരന്മാരുടെ എണ്ണം കൂടി വരുന്നതിന് ചെറുക്കാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് അനുഗ്രഹ പ്രഭാക്ഷണം നടത്തിയ സൂക്ഷമാനന്ദസ്വാമികള്‍ പറഞ്ഞു.പ്രവേശന കവാടം നിര്‍മ്മിച്ച് നല്‍കിയ ജി. മോഹന്‍ദാസിനെ പ്രകാശനന്ദസ്വാമികള്‍ ഉപഹാരം നല്‍കി ആദരിച്ചു. ആദര്‍ശകരമായ വാസ്തു ശില്പവിദ്യയിലൂടെ പ്രവേശന കവാടം രൂപകല്പന ചെയ്ത ഡോ. വി. അര്‍ജ്ജുനന്‍ എഞ്ചിനിയര്‍ വി. ശശിധരന്‍, കോണ്‍ട്രാക്ടര്‍ സുദര്‍ശനന്‍ എന്നിവരെയും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനനന്ദ, സൂക്ഷമാനന്ദസ്വാമികള്‍ എന്നിവരെയും കെ.ജെ. യേശുദാസ് പൊന്നാടയും ഉപഹാരവും നല്‍കി അനുമോദിച്ചു. ചടങ്ങില്‍ പ്രകാശാനന്ദസ്വാമികള്‍ ഡിസിസി പ്രസിഡന്റ് കരകളും കൃഷ്ണപിള്ള,, അഡ്വ. കൃഷ്ണമോഹന്‍, കൗണ്‍സിലര്‍മാരായ കെ. എസ്. ഷീല, സി. സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts