തുറവൂര്‍: സൗഹൃദം ഭാവിച്ച് വീട്ടിലെത്തി ഗൃഹനാഥനുമൊത്തു മദ്യപിച്ച ശേഷം 40 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിയിലായ മൂന്നുപേരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ മാളിയേക്കല്‍ നെബു(35), ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ നിവര്‍ത്തില്‍ അണ്ണാമലൈ സുനി എന്നുവിളിക്കുന്ന സുനില്‍കുമാര്‍ (43), ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുറുപ്പംകുളങ്ങര പുതുവല്‍ നികര്‍ത്തില്‍ സുദര്ശനന് (44)എന്നിവരാണു പിടിയിലായത്. സംഘത്തിലെ ഒരാള്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതികളും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്.
കോടംതുരുത്ത് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ജഗദമന്ദിരത്തില് നന്ദനന്റെ വീട്ടില്‍ നിന്നാണു 40 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഗൃഹാനാഥനുമായി നേരത്തെ പരിചയമുണ്ടായിരുന്ന സുദര്ശനന് എന്നയാള്‍ തങ്ങള്വന്ന വാഹനത്തിലെ ഇന്ധനം തീര്‍ന്നെന്നു പറഞ്ഞാണ് നന്ദനന്റെ വീട്ടിലെത്തിയത്. മടങ്ങിപ്പോയ ഇയാള്‍ സുഹൃത്തുക്കളേയും കൂട്ടി മദ്യവുമായെത്തി ഒന്നിച്ചിരുന്നു മദ്യപിച്ചു. സംഭാഷണത്തിനിടയില്‍ മദ്യലഹരിയിലായിരുന്ന നന്ദനന്‍ കിടപ്പു മുറിയിലെ അലമാരയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന വിവരം ഇവരോടു പറഞ്ഞു. വീട്ടില്‍ സ്വര്‍ണം വച്ചിട്ടുള്ളതു കൊണ്ടാണു ഭാര്യയും മകളും തന്നെ വീടിന്റെ ചുമതലയേല്പിച്ചു പോയതെന്നും നന്ദനന്‍ സംഘത്തോടു പറഞ്ഞു.
മദ്യപിച്ചു അബോധാവസ്ഥയിലായ നന്ദനനെ മോഷ്ടാക്കളിലൊരാളെ ഏല്പിച്ച് മറ്റുള്ളവരാണ് അലമാര കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നത്. ഇതിനു ശേഷം മുറിക്കുള്ളില്‍ മുളകുപൊടി വിതറിയിട്ടാണ് ഇവര്‍ കടന്നത്. പിന്നീട് വീട്ടുകാര്‍ കുത്തിയതോട് പോലീസില്‍ പരാതി നല്കി. പോലീസ് കാണിച്ച ചിത്രങ്ങളില്‍ നിന്നാണു പ്രതികളില്‍ ചിലരെ തിരിച്ചറിഞ്ഞത്. ഇവിടെ നിന്നു കവര്‍ന്ന ആഭരണങ്ങള്‍ പ്രതികളില്‍ നിന്നുലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. ചേര്‍ത്തല ഡിവൈഎസ്പി എം. രമേശ്കുമാര്‍, കുത്തിയതോട് സിഐ കെ.ആര്. മനോജ്, എസ്ഐ അഭിലാഷ്, എഎസ്ഐ ഷാജിമോന്‍ സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ െൈബജു, സേവ്യര്‍, നിസാര്‍, അരുണ്‍, അനൂപ്, ടോണി, സില്‍ജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.