ഇരിട്ടി: ജില്ലയിലെ മലയോരത്ത് വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. ചതിരൂര്‍ നൂറ്റിപത്ത് ആദിവാസി കോളനിയില്‍ സായുധരായ മാവോയിസ്റ്റുകളെത്തിയത്. മാവോയിസ്റ്റ് സംഘത്തില്‍പെട്ട മൊയ്തിന്‍, സുന്ദരി, കന്യാകുമാരി, ലത എന്നിവരുള്‍പ്പെടെ ആറുപേരാണ് കോളനിയിലെത്തിയതെന്നാണ് വിവരം. എകെ-47 തോക്കും പട്ടാള യൂണിഫോം ധരിച്ചാണ് സംഘം കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോളനിയിലെത്തിയത്. വിവരമറിഞ്ഞ് ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ആറുപേര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആറളം ഫാമിനോട് ചേര്‍ന്നുകിടക്കുന്ന ഈ കോളനിയിലെ ആദിവാസികള്‍ പട്ടിണിയാലും രോഗത്താലും ദുരിതത്തിലാണ്. കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ തങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് മാവോയിസ്റ്റുകള്‍ കോളനിവാസികള്‍ക്ക് വാഗ്ദാനം നല്‍കി. ആദിവാസികള്‍ക്കൊപ്പം ചോറുംകറിയുമുണ്ടാക്കി കഴി്ച്ച ശേഷം കാട്ടുതീയെന്ന മാവോയിസ്റ്റ് മാസികയും വിതരണം ചെയ്തു. തുടര്‍ന്ന് മാവോയിസം വിജയിക്കട്ടെ മുദ്രാവാക്യം വിളിച്ചാണ് സംഘം മടങ്ങിയത്.
മാവോയിസ്റ്റുകള്‍ ആദിവാസികള്‍ക്കിടയില്‍ വിതരണം ചെയ്ത കാട്ടുതീ മാസിക പോലീസ് കണ്ടെടുത്തു. ആറളം ഫാമില്‍ നക്‌സല്‍-മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യമായാണ് മാവോയിസ്റ്റുകള്‍ കോളനിയില്‍ നേരിട്ടെത്തി പരസ്യപ്രചാരണം നടത്തിയത്. സംഭവത്തെ കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.