കൊല്ലം: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം പെട്രോള്‍ പമ്പുകള്‍ വഴിയാക്കിയതോടെ പമ്പുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് മൈതാനം വിജയനും സെക്രട്ടറി സഫാ അഷറഫും പറഞ്ഞു. ചില്ലറ ക്ഷാമം അതിരൂക്ഷമാണ്. ചില ഉപഭോക്താക്കളുടെ മോശമായ പെരുമാറ്റവും അതിക്രമങ്ങളും കാരണം പമ്പുകളില്‍ ജീവനക്കാര്‍ ജോലിക്ക് നില്ക്കാന് തന്നെ ഭയപ്പെടുന്നു. ചില പമ്പുകളില്‍ സംഘര്‍ഷം വരെ ഉണ്ടായതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ഒരുദിവസം പതിനായിരം രൂപയില്‍ കൂടുതല്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ അവസരമില്ല. പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത്. ഇതുമായി എത്തുന്ന ഉപയോക്താക്കള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുകയും ബാലന്‍സായി ചില്ലറ നോട്ടുകള്‍ ആവശ്യപ്പെടുന്നതും മിക്കയിടത്തും സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണ്.ചെറിയ നോട്ടുകള്‍ മറ്റൊരിടത്തുനിന്നും ലഭ്യമാകുന്നില്ല. അസാധുവായ നോട്ടുകള്‍ നിയന്ത്രണമില്ലാതെ ബാങ്കില്‍ അടയ്ക്കുമ്പോള്‍ ആദായ നികുതി ഉദ്യോഗസ്ഥരെ ഏത് തരത്തില്‍ കാണിക്കും എന്ന ആശങ്കയിലുമാണ് പമ്പുടമകള്‍.
സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ട് ചില്ലറ നോട്ടുകള്‍ ലഭ്യമാക്കണമെന്നാണ് പമ്പുടമകള്‍ ആവശ്യപ്പെടുന്നത്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പമ്പുകളില്‍ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തണം. ഇല്ലെങ്കില്‍ വരുംദിവസങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ സുഗമമായി നടത്തി കൊണ്ടുപോകാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്നും ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.