വടകര: വര്‍ഷങ്ങളായി കാടു മൂടിയ നടക്കുതാഴ കനാലിനു പുതുജീവന്‍. ജനകീയ സഹകരണത്തോടെ കനാല്‍ ശുചീകരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തും കനാല്‍ സംരക്ഷണ സമിതിയും നേതൃത്വം നല്‍കിയ പരിപാടിയില്‍ മുന്നൂറോളം പേര്‍ പങ്കാളികളായി. കനാലിനെ ആറു മേഖലയാക്കി തിരിച്ച് രാവിലെ ആറിന് തുടങ്ങിയ ശുചീകരണ യജ്ഞത്തില്‍ ഉണര്‍വ്, കടത്തനാട്, കനവ്, സ്‌നേഹദീപം റസിഡന്റ്‌സ് അസോസിയേഷനുകളും സഹകരിച്ചു.
ലോഡ് കണക്കിന് ചെളിയും മണ്ണും കാടും ചെടികളും നീക്കം ചെയ്തു. കനാലില്‍ നിറഞ്ഞു കിടന്ന കുപ്പിച്ചില്ലുകള്‍ ശുചീകരണ വളന്റിയര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. അറുപത് ചാക്ക് പ്ലാസ്റ്റിക് മാലിന്യം റീസൈക്ലിങ്ങിന് അയച്ചു. പരിഷത് ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി ആവിഷ്കരിച്ച പരിപാടിയില്‍ എന്‍സി കനാല്‍ സംരക്ഷണ സമിതിയും ചേര്‍ന്നു. നഗരസഭാധ്യക്ഷന്‍ കെ. ശ്രീധരന്‍, മുന്‍ നഗരസഭാധ്യക്ഷ പി.പി. രഞ്ജിനി, മുന്‍ വൈസ് ചെയര്‍മാന്‍ എടയത്ത് ശ്രീധരന്‍, കൗണ്‍സിലര്‍മാരായ വി. ദിനേശന്‍, കെ.കെ. വനജ, പി. വല്‍സലന്‍, കെ.കെ. രാജീവന്‍, വി. ഗോപാലന്‍, കെ. മിനി, പരിഷത് നേതാക്കളായ മണലില്‍ മോഹനന്‍, വി.ടി. സദാനന്ദന്‍, പി.എം. ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.