ജന്മം നല്‍കിയ മാതാവ് തന്നെ ഒടുവില്‍ ജീവനെടുത്തു

Ammaഇന്ത്യാന: ജന്മം നല്‍കിയ മാതാവു തന്നെ സ്വന്തം കുരുന്നുകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ അതിദാരുണ സംഭവം ഇന്ത്യാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച ഏഴും ആറും വയസുള്ള ലില്ലിയാന ഹെര്‍ണാ സാസ്, റിനെ ഹസ്റ്റര്‍ എന്നീ കുട്ടികളെ മാതാവ് തട്ടിക്കൊണ്ടു പോയതായി പോലീസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ച പോലീസിന് കുട്ടികളെയോ മാതാവിനെയോ കണ്ടെത്താനായില്ല.

ഒടുവില്‍ തിങ്കളാഴ്ച രാവിലെ കുട്ടികളുടെ മാതാവായ ഇരുപത്തൊന്‍പതുകാരിയായ ആംബര്‍ പാസ്റ്റര്‍ എല്‍ക്ക്ഹാര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ രണ്ടു കുട്ടികളുടെയും മൃതദേഹവുമായി കീഴടങ്ങുകയായിരുന്നു. ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കാണപ്പെട്ടത്.

മയക്കു മരുന്നിനടിമയായ ആംബറിന് ഒന്നര വര്‍ഷം മുമ്പ് രണ്ട് കുട്ടികളുടേയും സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. രണ്ടു കുട്ടികളേയും കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ആംബറിന്റെ മാതാവിന്റെ സംരക്ഷണയിലായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത്. അറസ്റ്റു ചെയ്ത ആംബറിനെ എല്‍ക്ക് ഹാര്‍ട്ട് കൗണ്ടി ജയിലിലടച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Related posts