ജില്ലയില്‍ 1469 പോളിംഗ് ബൂത്തുകള്‍, പോളിംഗ് ജോലികള്‍ക്കായി 7456 ഉദ്യോഗസ്ഥര്‍; ഒമ്പതു നിയോജകമണ്ഡലങ്ങളിലായി മത്സരിക്കുന്നത് 75 പേര്‍; പ്രശ്‌നബാധിത ബൂത്തുകള്‍ 431

voter-listആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സമ്മതിദായകര്‍ക്ക് സമാധാനപരമായും സ്വതന്ത്രമായും വോട്ടു രേഖപ്പെടുത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാഭരണകൂടവും തെരഞ്ഞെടുപ്പ് കമ്മീഷനും ഉറപ്പാക്കിയിട്ടുണ്ട്. 1469 പോളിംഗ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 45 എണ്ണം മാതൃകാ പോളിംഗ് ബൂത്തുകളും 20 എണ്ണം വനിത പോളിംഗ് ബൂത്തുകളുമാണ്. ഓരോ നിയോജക മണ്ഡലത്തിലും അഞ്ചു പോളിംഗ് ബൂത്തുകളാണ് മാതൃകാ പോളിംഗ് ബൂത്തുകളായി പ്രവര്‍ത്തിക്കുന്നത്.

ആലപ്പുഴ നിയോജക മണ്ഡലത്തില്‍ നാലുവനിത പോളിംഗ് സ്‌റ്റേഷനുകളും മറ്റു നിയോജക മണ്ഡലങ്ങളില്‍ രണ്ടുവീതം വനിതാ പോളിംഗ് സ്‌റ്റേഷനുകളുമുണ്ട്. ഇവിടെ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ണമായും നിര്‍വഹിക്കുന്നത് വനിതകളാണ്. പോളിംഗ് ബൂത്തുകളിലേക്കായി 2500 ബാലറ്റ് യൂണിറ്റും 1986 കണ്‍ട്രോള്‍ യൂണിറ്റുമുള്‍പ്പെടുന്ന വോട്ടിംഗ് മെഷീനുകളാണ് തയാറാക്കിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും 20 ശതമാനം റിസര്‍വ് യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കളക്ടറേറ്റിലും റിസര്‍വ് യന്ത്രങ്ങളുണ്ട്.

7456 ജീവനക്കാരെയാണ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. ക്രമസമാധാന പാലനത്തിനായി 1818ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്നും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഒമ്പതു കമ്പനി കേന്ദ്ര സേനയില്‍ നിന്നും 648 ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചുകഴിഞ്ഞു. ഡിവൈഎസ്പി മാരുടെ കീഴില്‍ എട്ടു സബ് ഡിവിഷനുകളിലായി 17 സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ എസ്പിയുടെ കീഴില്‍ 72 പേരുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം പോലീസ് തുറന്നിട്ടുണ്ട്. ജില്ലയിലെ ഒമ്പതു നിയോജകമണ്ഡലങ്ങളില്‍ വോട്ടിംഗ് മെഷീന്‍ സ്വീകരിക്കുന്നതില്‍ വിതരണം ചെയ്യുന്നതിനുമായി ഓരോ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ആലപ്പുഴ , ചേര്‍ത്തല, അരൂര്‍, അമ്പലപ്പുഴ, കുട്ടനാട്, എന്നീ മണ്ഡലങ്ങളിലെ വോട്ടുകള്‍ തിരുവമ്പാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ വോട്ടുകള്‍ കളര്‍കോടുമാണ് എണ്ണുക. 14 വൈകുന്നേരം ആറുമുതല്‍ 16നു വൈകുന്നേരം ആറുവരെ സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനമുണ്ട്.

ജില്ലയില്‍ 431ബൂത്തുകളാണ് പ്രശ്‌നബാധിതമായി കണ്ടെത്തിയിട്ടുള്ളത്. കുട്ടനാട്ടിലാണ് പ്രശ്‌നബാധിത ബൂത്തുകളിലേറെയും. ഇതില്‍ 307 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. അതീവ പ്രശ്‌ന ബാധിത ബൂത്തുകളിലെ നിരീക്ഷണത്തിനായി 56 മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കും. അതീവ പ്രശ്‌ന ബാധിതമായ 78 ബൂത്തുകളില്‍ നാലു കേന്ദ്ര സേനാംഗങ്ങളും പ്രശ്‌നബാധിതമായി കണ്ടെത്തിയ 212 ബൂത്തുകളില്‍ സംസ്ഥാന പോലീസിനെക്കൂടാതെ ഒരു കേന്ദ്ര പോലീസ് സേനാംഗവും കാവലിനുണ്ടാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ടു ഇതുവരെ ഏഴു കേസുകളാണ് രജിസ്റ്റര്‍ ചെയതിട്ടുള്ളതെന്നും കളക്ടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടര്‍ ഡോ. ഡി. സജിത് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts