തളിപ്പറമ്പ്: ജില്ലാ കൃഷിഫാമില്‍ പത്ത് ലക്ഷത്തില്‍പരം രൂപ ചെലവഴിച്ച് രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച രണ്ട് കൊപ്ര ഡ്രയറുകള്‍ ഉപയോഗിക്കാതെ നശിക്കുന്നു. 2014 ലാണ് കേരഫെഡിന്റെ സാമ്പത്തിക സഹായത്തോടെ കരിമ്പംഫാമിലെ കാരത്തുംപാറയില് വൈദ്യുതി ഉപയോഗിച്ചും സോളാര്‍ പവര്‍ ഉപയോഗിച്ചും പ്രവര്‍ത്തിക്കുന്ന രണ്ടു കൊപ്ര ഡ്രയറുകള്‍ നിര്‍മിച്ചത്. കര്‍ഷകര്‍ക്ക് പുതിയ കൊപ്ര ഡ്രയറുകള്‍ പരിചയപ്പെടുത്തുന്നതിന് മാതൃക എന്ന നിലയിലാണ് ഇവ സ്ഥാപിക്കപ്പെട്ടത്. ഫാമിലെ തേങ്ങകള്‍ ഉണക്കുന്നതിനും കേരഫെഡ് സംഭരിക്കുന്ന തേങ്ങ ഉണക്കുന്നതിനുമാണ് ഇവ സ്ഥാപിക്കപ്പെട്ടതെങ്കിലും ഒരു തേങ്ങ പോലും ഇവിടെ ഉണക്കിയില്ല.
സോളാര്‍ ഡ്രയറില്‍ ഉണക്കുന്നത് വൈദ്യുതി ചെലവ് കുറക്കുമെങ്കിലും ലേബര്‍ കോസ്റ്റ് വലിയതോതില്‍ വര്‍ധിക്കുമെന്നതിനാല്‍ പ്രായോഗികമല്ലെന്നാണത്രെ പുതിയ കണ്ടെത്തല്‍. കേരഫെഡ് ഉപേക്ഷിച്ച ഈ രണ്ട് കൊപ്ര ഡ്രയറുകളും ഫാം അധികൃതര്‍ക്ക് വിട്ടുനല്‍കിയിരിക്കുകയാണ്. സോളാര്‍ ഡ്രയര്‍ വിജയകരമല്ലെന്നാണ് കേരഫെഡിന്റെ ഇപ്പോഴത്തെ നിലപാട്. വൈദ്യുതി കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിച്ച ഡ്രയറും ഇതിന് സമീപത്തുതന്നെയാണ്. കരാറുകാരന് നിര്‍മാണം പൂര്‍ത്തിയാക്കിപ്പോയ കെട്ടിടത്തിന് ഇനിയും വൈദ്യുതി കണക്ഷന് ലഭിച്ചിട്ടില്ല.
വൈദ്യുതി ലഭിക്കാന്‍ പഞ്ചായത്തിന്റെ കെട്ടിട നമ്പര്‍ ലഭിക്കേണ്ടതുണ്ടെന്നും അതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നുമാണ് ഫാം അധികൃതര്‍ പറയുന്നത്. വൈദ്യുതി ലഭിച്ചശേഷം ഇവിടെ തേങ്ങ ഉണക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണെന്ന് തൊഴിലാളി യൂണിയന് നേതാക്കള്‍ പറയുന്നു.