ജൈവ പച്ചക്കറികൃഷിയുമായി വിദ്യാര്‍ഥി കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു

alp-krishiപൂച്ചാക്കല്‍:  വിഷാംശം കലരാത്ത പച്ചക്കറി അയല്‍പക്കത്തുളള കുറച്ചു പേര്‍ക്കേങ്കിലും നല്‍കുക എന്ന ലക്ഷ്യവുമായി ജൈവ പച്ചക്കറി കൃഷിയുമായി വിദ്യാര്‍ഥി കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു. പഠനത്തോടൊപ്പം കൃഷിയിലും നേട്ടം കൊയ്ത തന്‍സീഹ് തന്നെയാണ് പെരുമ്പളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കുളിലെ അമ്പത് സെന്റ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നതും.

അരുക്കുറ്റി പഞ്ചായത്ത് തെക്കേയിടപ്പറമ്പില്‍ അഹമ്മദ് ഹാഷിം  ശാമില ദമ്പതികളുടെ മകനാണ് തന്‍സീഹ് .ഏട്ടാംക്ലാസ് മുതല്‍ കൃഷില്‍ താല്‍പ്പര്യം കാണിച്ചിരുന്ന തന്‍സീഹ് പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് കൃഷി ചെയ്യുവാന്‍ ശ്രമിച്ചെങ്കിലും വീട്ടിലെ സ്ഥലപരിമിതകള്‍ കാരണം ആ ശ്രമം ഉപേക്ഷിച്ചു. പിന്നിട്ട് പുതിയ വീട് നിര്‍മിച്ചപ്പോള്‍ വീടിന്റെ ടെറസില്‍ ക്യാരിബാഗുകളില്‍ വിവിധതരം പച്ചക്കറി വിത്തുകള്‍ മുളപ്പിച്ച് മാതൃക തോട്ടമാക്കി്.  ഇവിടെ വെണ്ട. പാവല്‍, പയര്‍, ചീര, ബജീമുളക്, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ മാര്‍ക്കറ്റുകളില്‍ വില്ക്കാതെ തന്റെ സമീപവാസികള്‍ക്കാണു തന്‍സീഹ് ആദ്യം നല്‍കുക.

കൃഷിയോടുളള താല്പര്യം മനസിലാക്കിയ മാതാപിതാക്കളും, അധ്യാപകരും ആവശ്യമായ പ്രോത്സാഹനം നല്‍കിയപ്പോള്‍ മികച്ച വിദ്യാര്‍ഥി കര്‍ഷകനുളള അവാര്‍ഡ് തന്‍സീഹിനെ തേടിയെത്തി.  കൂടാതെ കേരള ജൈവ കാര്‍ഷിക സമിതി അംഗവുമാണ്. നിരവധി പേരാണ് കൃഷിയിടം കാണുവാനും വിത്തുകള്‍ ശേഖരിക്കാനും എത്തുന്നത്.  കാര്‍ഷിക അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു പുസ്തകം തയാറാക്കുന്ന ശ്രമത്തിലാണ് തന്‍സീഹ്.

Related posts