കളമശേരി: വിദേശത്തു ജോലി വാഗ്ദാനം നടത്തി 50 ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ മിനി മുഹമ്മദിനെ (45) കളമശേരി കോടതി റിമാന്‍ഡ് ചെയ്തു. കളമശേരി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയും തമ്മനത്തെ ഒരു ഫഌറ്റില്‍ താമസക്കാരിയുമാണ് മിനി മുഹമ്മദ്. ഇടപ്പള്ളിയിലെ ഒരു വാടകവീട്ടില്‍ മിനിയുടെ ഒപ്പം താമസിച്ചിരുന്ന കൂട്ടുപ്രതിയായ സെബാസ്റ്റ്യന്‍ പീറ്റര്‍ വിദേശത്തേക്കു കടന്നതായാണു പോലീസിനു ലഭിച്ച സൂചന.
തമിഴ്നാട് തെങ്കാശി സ്വദേശി സത്യകുമാര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ദിനേശിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിഐ ജയകൃഷ്ണന്, പ്രിന്‍സിപ്പല്‍ എസ്ഐ ഷിബു എന്നിവരാണു കേസന്വേഷണം നടത്തിയത്. അന്വേഷണസംഘത്തില്‍ എസ്ഐ കെ. അശോക്കുമാര്, എഎസ്ഐമാരായ അശോക് കുമാര്‍, ഇബ്രാഹിം ഷുക്കൂര്‍, സിപിഓമാരായ സുനില്‍, രഞ്ജിനി എന്നിവരും ഉണ്ടായിരുന്നു. വിദേശത്ത് ഡ്രൈവര്‍-ലേബര്‍ തസ്തികയില്‍ ജോലി തരാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്നു പറയുന്നു.