തൊടുപുഴ: ഇടുക്കിയില്‍ വിവിധ മേഖലകളില്‍ സൂര്യാഘാതം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഇറക്കിയ ഉത്തരവിന് പുല്ലുവില. ജില്ലയുടെ ചില മേഖലകളില്‍ 40 ഡിഗ്രിക്കു മുകളിലേക്ക് താപനില ഉയര്‍ന്നിട്ടുണ്ടെങ്കിലും തോട്ടം നിര്‍മാണ മേഖലകളിലടക്കം നട്ടുച്ചയ്ക്കുപോലും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുകയാണ്.
പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കാനാണ് മാര്‍ച്ച് ആദ്യവാരം ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായി നിശ്ചയിച്ചിരുന്നു. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 ന് അവസാനിക്കുമെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പരിശോധനയുടെ ഭാഗമായി ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അസഹ്യമായ ചൂടിലും പണിയെടുക്കേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. കെട്ടിട നിര്‍മാണം, തോട്ടം മേഖല, റോഡ് ടാറിംഗ് തുടങ്ങിയ ജോലി സ്ഥലങ്ങളിലെല്ലാം സമയക്രമത്തില്‍ മാറ്റം വരുത്താതെയാണ് ഇപ്പോഴും പണി നടക്കുന്നത്. കഠിനമായ ചൂടില്‍ ജില്ലയാകമാനം വെന്തുരുകുമ്പോഴും ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയാറാകുന്നില്ല. ഇത്തരം കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളാന്‍ ട്രേഡ് യൂണിയനുകളും മുന്നോട്ടു വരുന്നില്ല. പലപ്പോഴും ആവശ്യത്തിനു കുടിവെള്ളം പോലും തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കൊടുംചൂടില്‍ കഠിനമായ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളും വലയുകയാണ്. കെട്ടിട നിര്‍മാണം, കെട്ടിടങ്ങളുടെ പെയിന്റിംഗ്, തോട്ടങ്ങളിലെ ജോലി തുടങ്ങിയവ മേഖലകളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നത്.
മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക് സൂര്യാഘാതവും പ്രശ്‌നമാകില്ലെന്ന നിലപാടിലാണത്രേ തൊഴിലുടമകള്‍. സമയക്രമം പുനഃക്രമീകരിച്ച വിവരം ഇവരെ അറിയിക്കാതെയാണ് ജോലി ചെയ്യിക്കുന്നതെന്നു ആക്ഷേപവുമുണ്ട്. ഉച്ചസമയത്ത് തണലുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്താല്‍പോലും ശാരിരീക അസ്വസ്ഥത ഉണ്ടാകാറുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഇത്തരമൊരു സാഹചര്യമുള്ളപ്പോഴാണ് ശക്തമായ വെയിലത്തുപോലും പണിയെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത്.