ഞാറയ്ക്കല്‍ ജ്വല്ലറി കവര്‍ച്ചയ്ക്ക് അഞ്ചു വയസ് ;കവര്‍ന്നതു മൂന്നു കിലോ സ്വര്‍ണവും 79000 രൂപയും ; എങ്ങുമെത്താതെ പോലീസ് അന്വേഷണം

ekm-njaraikal

ഹരുണി സുരേഷ്

വൈപ്പിന്‍:ഞാറയ്ക്കല്‍ തെക്കിനേടത്ത് ജ്വല്ലറിയില്‍ പുറകുവശത്തെ ഭിത്തി തുരന്ന് ഒരു കോടിയിലേറെ വിലമതിക്കുന്ന മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും 79000 രൂപയും കവര്‍ച്ച ചെയ്ത സംഭവത്തില്‍, അഞ്ചു വര്‍ഷമടുത്തിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. മോഷണത്തിലെ പ്രതികളെയോ തൊണ്ടിമുതലോ കണ്ടെത്താന്‍ ഇതുവരെ പോലീസിനായില്ല. വൈപ്പിന്‍ കരയുടെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഈ മോഷണമെന്നറിയപ്പെടുന്ന സംഭവം 2012 ഡിസംബര്‍ നാണു പുറംലോകമറിയുന്നത്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നില്ലെന്നാണ് സൂചന. 2012 ഡിസംബര്‍ 29 ന്  ശനിയാഴ്ച രാത്രി 7.45നു  ജ്വല്ലറി പൂട്ടിപ്പോയശേഷം ഞായറാഴ്ചയിലെ അവധിയും കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വീണ്ടും തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.  രണ്ടു സേഫുകളിലായി സൂക്ഷിച്ചിരുന്ന  അഞ്ചുകിലോയോളം സ്വര്‍ണാഭരണങ്ങളില്‍ ഒന്നില്‍ നിന്നാണ് മോഷണം പോയത്. കെട്ടിടത്തിനു പിന്നില്‍ ജ്വല്ലറി ഷോറൂമില്‍ നിന്നും പുറത്തേക്ക്  തള്ളിനില്‍ക്കുന്ന സ്‌ട്രോം റൂമിന്റെ ഇഷ്ടികനിര്‍മിതമായ   ഭിത്തിയുടെ താഴെ  ഒന്നര അടി ഉയരത്തിലും ഒരു അടി വീതിയിലും ഭിത്തി തുരന്നശേഷം ഭിത്തിയോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന  ലോഹനിര്‍മ്മിതമായ ലോക്കറിന്റെ ഷീറ്റ് അതേ അളവില്‍ ദീര്‍ഘ ചതുരത്തില്‍  മുറിച്ച് മാറ്റിയാണ് മോഷണം നടത്തിയത്.

പുറത്തു നിന്നുകൊണ്ടു തന്നെ ദ്വാരത്തിലൂടെ സേഫിനുള്ളിലേക്ക് കയ്യിട്ട്  ആഭരണങ്ങള്‍ എടുക്കുകയാണ് ചെയ്തിട്ടുള്ളത്. മോഷ്ടാക്കള്‍ കടക്കുള്ളില്‍ പ്രവേശിച്ചിട്ടില്ലെന്നാണു നിഗമനം.  ഭിത്തി തുരക്കാനുപയോഗിച്ച സാധനങ്ങളും മറ്റും സംഭവസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വടക്കന്‍ പറവൂര്‍ തെക്കിനേടത്ത് ജോബി ആന്റണിയുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മുട്ടുകുത്തി
ഞാറയ്ക്കലെ മോഷണത്തിനു ഏഴു മാസം മുമ്പ്  തിരുവനന്തപുരം ബാലരാമപുരത്ത് ഒരു ജ്വല്ലറിയില്‍  ഇതേ രീതിയില്‍ ഒരു  കവര്‍ച്ച നടന്നിരുന്നു. 11 അംഗം അന്യസംസ്ഥാന സംഘമായിരുന്നു കവര്‍ച്ചക്കു പിന്നില്‍ .പുറകിലത്തെ ഭിത്തി തുരന്ന് അകത്തുകയറി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സേഫ് അറുത്തുമുറിച്ച് 2.77 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്. സംഭവസ്ഥലത്തു നിന്നു ലഭിച്ച ഒരു ബംഗാളി പത്രത്തിന്റെ കടലാസാണ് പോലീസിനു കേസ് തെളിയിക്കാന്‍ സഹായിച്ച പ്രധാന തെളിവ്.  എതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ  പിടികൂടി.

ഏതാണ്ട് ഇതിനു സമാനമായ കവര്‍ച്ചയാണ് ഞാറക്കലും സംഭവിച്ചത്. എന്നാല്‍ കേസ് വര്‍ഷം അഞ്ചായിട്ടും തെളിഞ്ഞില്ല. ഡിവൈഎസ്പി സലിമിന്റെ നേതൃത്വത്തില്‍ രണ്ട്  സ്‌പെഷ്യല്‍ ടീമുകളാണ്   അന്വേഷണം നടത്തിയത്. പ്രാഥമികമായി  ജീവനക്കാരില്‍ നിന്നും  ഉടമയില്‍ നിന്നും മൊഴിയെടുത്തു.  ഒരാഴ്ചമുമ്പ് കെട്ടിടത്തിനു മുകളില്‍   പണികള്‍ നടത്തിയ തൊഴിലാളികളെ ചോദ്യം ചെയ്തു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികള്‍ , മോഷണത്തിനു ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവര്‍, മോഷണവുമായി ബന്ധപ്പെട്ട് ശിക്ഷിച്ച് ജയിലില്‍ കഴിയുന്നവര്‍, തുടങ്ങിയ നിരവധിപേരെ ചോദ്യം ചെയ്തു. എന്നിട്ടും  തുമ്പും ലഭിച്ചില്ല.  ഒരു തമിഴ് പത്രവും  ഒരു ഷോളും   ജ്വല്ലറിയുടെ ഭിത്തി തുരന്ന ഭാഗത്തുനിന്നും സേഫില്‍ നിന്നു മുറിച്ചു നീക്കിയ ഇരുമ്പു ഷീറ്റില്‍ നിന്നുമൊക്കെ ലഭിച്ച  വിരലടയാളങ്ങളും സേഫ് പൊളിക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടറും ഗ്യാസ് സിലിണ്ടറുമാണ്   പോലീസിനു മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച തുമ്പുകള്‍ .

ക്രൈം റിക്കോര്‍ഡ് ബ്യൂറോയില്‍  റിക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള വിരലടയാളങ്ങളുമായി  ഒത്തുനോക്കിയതില്‍ ഒന്നും മാച്ചായില്ല. കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍  തലനാരിഴകീറി പരിശോധിച്ച അന്വേഷണ സംഘത്തിനു ഇനി ഒന്നും ചെയ്യാനാകാതെ വന്നപ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന കൈമാറിയത്. എന്നാല്‍ ലോക്കല്‍ പോലീസിന്റെ ചുവട് പിടിച്ച് ക്രൈബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും മറ്റൊരു തെളിവും ഇവര്‍ക്ക് ലഭിച്ചില്ല. ഇതോടെ ഇവരും ഈ കേസ് ഫയല്‍ ലോംങ് പെന്റിംഗായി തള്ളി.

കുപ്രസിദ്ധ മോഷണം
എറണാകുളം ജില്ലയുടെ  ചരിത്രത്തില്‍ ഇത്രയും വലിയ ഒരു കവര്‍ച്ച ഇതിനു മുമ്പും ഇതിനുശേഷവും നടന്നിട്ടില്ലെന്നാണ് മറ്റു വ്യാപാരികള്‍ പറയുന്നത്. വൈപ്പിനിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഇത്രയും അധികം  സ്വര്‍ണാഭരണങ്ങള്‍  മോഷണം പോയതും അന്ന് ആദ്യമായിട്ടായിരുന്നു.  ഒമ്പത്  വര്‍ഷങ്ങള്‍ക്കു മുമ്പ് എടവനക്കാട് പഴങ്ങാട് പുതിയകുളങ്ങര ആന്റണിയുടെ വീട്ടില്‍ നിന്നും 85 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതാണ് വൈപ്പിനില്‍ ഇതുവരെ നടന്നതില്‍   ഏറ്റവും വലിയ മോഷണം. അന്തര്‍ജില്ലാ  കവര്‍ച്ചക്കാരനായിരുന്നു പ്രതി.   എറണാകുളം നോര്‍ത്ത് പോലീസ് മറ്റൊരു കേസില്‍ ഇയാളെ പിടികൂടിയപ്പോഴായിരുന്നു മോഷണത്തിനു തുമ്പ് ലഭിച്ചത്.

കൂടാതെ മൂന്ന്  വര്‍ഷം മുമ്പ് കോഴിക്കോട് കുനിവീട്ടില്‍ പുരുഷു എന്ന പ്രിജിത്ത് നായരമ്പലത്തുകാരനായ രാജീവ് എന്നയാളെ കൂട്ടുപിടിച്ച് കുടുങ്ങാശ്ശേരിയിലുള്ള ഒരുവീട്ടില്‍ നിന്ന് 45 പവന്‍ മോഷ്ടിച്ചതാണ് മറ്റൊരു വലിയ മോഷണം.  ഇയാള്‍ പിടിയിലായതോടെ ഇതുള്‍പ്പെടെ   തലശ്ശേരി പറവൂര്‍ ഞാറക്കല്‍ മേഖലകളില്‍ ഇയാള്‍ നടത്തിയ എല്ലാമോഷണങ്ങളും തെളിഞ്ഞു.65 പവന്‍ പോലീസ് വീണ്ടെടുക്കുകയും ചെയ്തു.

വൈപ്പിനില്‍  വഴിമുട്ടി നാലു മോഷണക്കേസുകള്‍
ഞാറക്കലിലേതുള്‍പ്പെടെ വൈപ്പിനില്‍ നടന്ന നാല് പ്രധാന മോഷണങ്ങള്‍ക്കാണ് ഇതുവരെ തെളിവില്ലാതെ കിടക്കുന്നത്.  എടവനക്കാട് ഇല്ലത്തുപടിയില്‍ നന്ത്യാട്ട് കൊല്ലിയില്‍ കുഞ്ഞുമീരന്റെ വീട്ടില്‍ നിന്നും പട്ടാപ്പകല്‍ 45 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതു സംബന്ധിച്ച് ഇന്നും ഒരു തുമ്പുമില്ല.  18 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മോഷണം നടന്നത്. ലോക്കല്‍ പോലീസിന്റെ അന്വേഷണം വഴിമുട്ടിയപ്പോള്‍ ആയിടക്കുതന്നെ വീട്ടുകാര്‍ ബന്ധുവും  അഡീഷണല്‍ ഡയറക്ടര്‍ജനറല്‍ പ്രോസിക്യൂഷനായ അഡ്വ. അബ്ദുള്‍ റഷീദ് മുഖേന കോടതിയില്‍ നിന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വരെ ഉത്തരവ് വാങ്ങി അന്വേഷം കൈമാറിയെങ്കിലും  ഇന്നും ഇതിനൊരു തുമ്പും ലഭിച്ചിട്ടില്ല.

ഇതേ പോലെ  തെളിയാതെ പോയൊരു വന്‍ മോഷണമാണ് നായരമ്പലം വെളിയത്തു പറമ്പ് മഹാവിഷ്ണു ദേവസ്വം ട്രസ്റ്റ് ഓഫീസില്‍ നിന്നും ഭഗവാന്റെ തിരുവാഭരണത്തില്‍പ്പെട്ട 33 പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്.  കൂടാതെ 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇല്ലത്തുപടിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിനടുത്തുള്ള ഒരു വീട്ടില്‍ നിന്നും 30 പവനോളം ആഭരണങ്ങള്‍ മോഷണം പോയതും ഇത് വരെ തെളിഞ്ഞിട്ടില്ല .

Related posts