ഇരിങ്ങാലക്കുട: എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ടി.ശശിധരനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ക്കെതിരെ ടൗണില്‍ പോസ്റ്ററുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ്യ മാധ്യ മങ്ങളിലൂടെ ചര്‍ച്ചചെയ്തിരുന്ന അഭിപ്രായപ്ര കടനങ്ങളാണ് ഇപ്പോള്‍ പോസ്റ്ററിലൂടെ പ്രത്യക്ഷപ്പെട്ടത്.
‘ഒരു കൂട്ടം സഖാക്കള്‍” എന്ന പേരില്‍ ടൗണിലെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങിയ പോസ്റ്ററുകളിലും ഫ്‌ളെക്‌സ് ബോര്‍ഡുകളിലും സിപിഎം ജില്ലാ-സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. “യുഡിഎഫിന്റെ 30 വെള്ളിക്കാശുവാങ്ങി സഖാവ് ശശിധരനെ ഒറ്റിക്കൊടുത്ത യൂദാസുകളെ തിരിച്ചറിയുക”, ശശിധരന്റെ പേര് വെട്ടിമാറ്റിയ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. രാധാകൃഷ്ണനും ജില്ലാ കമ്മിറ്റിയംഗങ്ങളായ ബേബി ജോണും, സികെ ചന്ദ്രനും ജനകീയ വിചാരണക്ക് തയ്യാറാവുക’ തുടങ്ങിയ വാചകങ്ങളാണ് ഇന്ന് പുലര്‍ച്ചെ പ്രത്യക്ഷപെട്ട പോസ്റ്ററിലും ഫ്‌ളെക്‌സ് ബോര്‍ഡുകളിലും ഉള്ളത്.
നേരത്തെ ഫേസ്ബുക്കിലും ടി.ശശിധരന് അനുകൂലമായി പോസ്റ്റുകള്‍ വന്നിരുന്നു. “ഏറെ നാളായി കാത്തിരിക്കുന്ന ആ ജനവിധിക്കായി നാടറിയുന്നവരെ, ജനം അറിയുന്നവരെ തെരഞ്ഞെടുപ്പിന്റെ തെരുവിലേയ്ക്ക് ഇറക്കൂ, ജനങ്ങള്‍ കാത്തിരിക്കുന്ന ജനവിധി അവര്‍ നടപ്പിലാക്കുമെന്നും ഇരിങ്ങാലക്കുട തീര്‍ച്ചയായും ചുവക്കുമെന്നും’ ആയിരുന്നു പോസ്റ്റുകള്‍. ഫേസ്ബുക്കിലെ റെഡ് സെല്യൂട്ട് കോമ്രേഡ് എന്ന പേജിലൂടെയാണ് സിപിഎം നേതൃത്വത്തിനെതിരെ പ്രചരണം ശക്തമായിട്ടുള്ളത്.
ഇന്നു പുലര്‍ച്ചെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ബസ്‌സ്റ്റാന്‍ഡ് പരിസരത്തെ പോസ്റ്ററുകള്‍ ചിലര്‍ കീറികളഞ്ഞീട്ടുമുണ്ട്. ഇരിങ്ങാലക്കുടയില്‍ ഏറെ നാളായി ഇല്ലാതിരുന്ന ഗ്രൂപ്പിസമാണ് പാര്‍ട്ടിയില്‍ ഇപ്പാള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ഥിയായിരുന്ന ടി. ശശിധരന്‍ ഇക്കുറി സ്ഥാനാര്‍ഥിയായാല്‍ മണ്ഡലം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പലരും. എന്നാല്‍ വിഎസ് പക്ഷക്കാരനായ അദ്ദേഹത്തോട് ജില്ലയിലെ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ഇരിങ്ങാലക്കുടയിലെ പല നേതാക്കള്‍ക്കും താത്പര്യം ഇല്ലാത്തതാണ് ആ പേര് വെട്ടി മാറ്റിയതെന്ന് ആരോപണം.
ടി.ശശീധരന്‍, കെ.കെ. രാമചന്ദ്രന്‍, ജോസ് ചിറ്റിലപ്പിള്ളി, ടി.ജി. ശങ്കരനാരായണന്‍ എന്നിവരായിരുന്നു ആദ്യം സാധ്യതാ പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് അപ്രതീക്ഷമായി പിഎസ്‌സി ബോര്‍ഡംഗം അശോകന്‍ ചെരുവിലിന്റെ പേര് വന്നത്. അശോകന്‍ ചെരുവിന്‍ മല്‍സരത്തിനില്ലെന്ന് അറിയിച്ചതോടെ കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് സാധ്യതാ പട്ടികയില്‍ ഇടം നേടി.
പോസ്റ്ററിനു പിന്നില്‍ പാര്‍ട്ടിപ്രവര്‍ത്തകരല്ല: സിപിഎം ഏരിയാ സെക്രട്ടറി
ഇരിങ്ങാലക്കുട: സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ടൗണില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് വ്യക്തമാക്കി. പാര്‍ട്ടിയുടെ വിജയ സാധ്യത തകര്‍ക്കുന്നതിനു വേണ്ടി എതിരാളികള്‍ നടത്തുന്ന കള്ള പ്രചരണമാണിത്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് പുറത്തു വരുന്ന സംഭാഷണങ്ങള്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. പാര്‍ട്ടിയുടെ നേതൃത്വം ഉചിതമായ വ്യക്തിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തുമെന്ന പ്രതീക്ഷയാണുള്ളതെന്നും ഉല്ലാസ് കളക്കാട്ട് വ്യക്തമാക്കി.