ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ പാക്കിസ്ഥാന് സ്പിന്നര്‍ യാസിര്‍ഷാ ഒന്നാമതെത്തി. 1996ല്‍ മുഷ്താഖ് അഹമ്മദ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ഇതാദ്യമായാണ് ഒരു പാക്കിസ്ഥാനി ബൗളര്‍ ഈ നേട്ടം കൈവരിക്കുന്നത്. ഒരു ദശാബ്ദത്തിനുള്ളില്‍ ഒന്നാം റാങ്കിലെത്തുന്ന ആദ്യ സ്പിന്നര്‍ കൂടിയാണ് യാസിര്‍. 2005 ഇതിഹാസ താരം ഷെയ്ന് വോണാണ് അവസാനമായി ഒന്നാം റാങ്കിലെത്തിയ സ്പിന്നര്‍.
ലോര്‍ഡ്സ് ടെസ്റ്റില്‍ രണ്ടിന്നിംഗ്സിലുമായി പത്തു വിക്കറ്റ് വീഴ്ത്തിയതാണ് യാസിര്ഷായ്ക്കു തുണയായത്. ആദ്യ ഇന്നിംഗ്സില്‍ 72 റണ്‍സ് വഴങ്ങി ആറ് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത യാസിര്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റുകളാണ് നേടിയത് വഴങ്ങിയത് 69 റണ്‍സും. പാക്കിസ്ഥാന് 75 റണ്‍സിനു വിജയിച്ച മത്സരത്തില്‍ കളിയിലെ താരവും യാസിറാണ്.
അശ്വിന്, ജയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെ പിന്തള്ളിയാണ് യാസിര്‍ ഒന്നാമതെത്തിയത്. അശ്വിനേക്കാള്‍ ഏഴു പോയന്റിന്റെ ലീഡാണ് യാസിറിനുള്ളത്. 13 ടെസ്റ്റുകളില്‍ നിന്ന് 86 വിക്കറ്റുകള്‍ നേടിയ ഈ 30കാരന്റെ ഏഷ്യക്കു പുറത്തുള്ള ആദ്യ ടെസ്റ്റായിരുന്നു ഇത്. ലോര്‍ഡ്സ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ പാക് നായകന് മിസ്ബാ ഉള് ഹഖ് ബാറ്റിംഗ റാങ്കിംഗില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാമനായി.