ചിറ്റൂര്‍: താലൂക്കില്‍നിന്നും പൊള്ളാച്ചിയിലേക്ക് ട്രാക്ടറില്‍ വൈക്കോല്‍ കടത്തുന്നത് റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള കടക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ദുരിതമായി. ട്രെയ്‌ലറില്‍ വൈക്കോല്‍ കൊഴിഞ്ഞുവീഴാത്ത നിലയില്‍ സുരക്ഷിതമായി കെട്ടാത്തതിനാല്‍ റോഡില്‍ വൈക്കോല്‍ വീഴുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുമൂലം വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നില്‍ വന്‍തോതിലാണ് വൈക്കോല്‍ കുമിഞ്ഞുകൂടുകയാണ്.
കടകള്‍ തുറക്കുന്നതോടെ കാറ്റിലും മറ്റും വൈക്കോല്‍ കടയ്ക്കുള്ളിലേക്കു പറന്നെത്തുകയാണ്.ചിറ്റൂര്‍, വണ്ടിത്താവളം, മുതലമട, അഞ്ചാംമൈല്‍, കൊഴിഞ്ഞാമ്പാറ വഴി ദിവസംതോറും ഇരുന്നൂറിലേറെ ട്രാക്ടറുകളിലാണ് മേല്‍ഭാഗം മൂടാതെ വൈക്കോല്‍ കൊണ്ടുപോകുന്നത്.പോലീസ് സ്‌റ്റേഷനുമുന്നിലൂടെയാണ് ഇത്തരത്തില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ വൈക്കോല്‍ കൊണ്ടുപോകുന്നത്. ഇതേക്കുറിച്ച് പോലീസിനെ വിവരം അറിയിച്ചാലും നടപടിയുണ്ടാകാറില്ല. വൈക്കോലിന്റെ പൊടി കണ്ണില്‍പെട്ട് ഇരുചക്രവാഹനം ഓടിക്കുന്നത് അപകടത്തില്‍പെടുന്നതു പതിവു സംഭവമാണ്. വൈക്കോല്‍ കൊണ്ടുപോകുന്നത് തീപിടിത്ത സാധ്യതയുമുണ്ട്.