സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനില്‍നിന്നു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം 3.4 കിലോഗ്രാം സ്വര്‍ണവും കാറില്‍ ഒളിപ്പിച്ച നാലു ലക്ഷം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു യാത്രക്കാരനായ കോഴിക്കോട് എന്‍ഐടിക്കു സമീപം അമ്പലപ്പുറായില്‍ റഫീഖ്(30), ഇയാളെ സ്വീകരിക്കാനെത്തിയ കൊടുവളളി സ്വദേശികളായ ഷമീര്‍, ഇബ്രാഹിം എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. പിടിയിലായ സ്വര്‍ണത്തിന് ഒരു കോടി രൂപ വില ലഭിക്കും.
റിയാദില്‍നിന്ന് അബുദാബി വഴി രാവിലെ ഇത്തിഹാദ് എയര്‍ വിമാനത്തിലാണു റഫീഖ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു വിമാനത്താവളത്തിനു പുറത്തു കടന്നു കാറില്‍ കയറാന്‍ ഒരുങ്ങവേയാണ് ഇയാളെ ഡിആര്‍ഐ സംഘം കസ്റ്റഡിയിലെടുത്തത്. കോഴിക്കോടുനിന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണു ഡിആര്‍ഐ സംഘം കരിപ്പൂരിലെത്തിയത്. തുടര്‍ന്നു യാത്രക്കാരന്റെ ബാഗ് കസ്റ്റഡിയിലെടുത്തു തുറന്നു പരിശോധിച്ചപ്പോഴാണ് എമര്‍ജന്‍സി ലാമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടത്.
എമര്‍ജന്‍സി ലാമ്പിന്റെ ബാറ്ററി നീക്കം ചെയ്ത് ഇവിടെ സ്വര്‍ണ ബിസ്കറ്റുകള്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 10 തോലയുടെ 28 സ്വര്‍ണ ബിസ്കറ്റുകളാണു കണ്ടെടുത്തത്. പിന്നീട് ഇയാളെ സ്വീകരിക്കാനെത്തിയ ഷമീര്‍, ഇബ്രാഹിം എന്നിവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിടിയിലായ റഫീഖ് സ്വര്‍ണക്കടത്തിന്റെ കാരിയറാണ്. സ്വര്‍ണക്കടത്തിന് ഇയാള്‍ക്കുളള പ്രതിഫലമാണു കാറില്‍നിന്നു കണ്ടെടുത്ത തുകയെന്നു കരുതുന്നു. കസ്റ്റംസിനെ മറികടന്ന് ഇയാള്‍ സ്വര്‍ണവുമായി പുറത്തു കടന്നതെങ്ങനെയാണെന്ന് അന്വേഷിച്ചു വരികയാണ്. കരിപ്പൂരില്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. കൊടുവളളി കേന്ദ്രീകരിച്ചുളള സംഘമാണു കളളക്കടത്തിനു പിന്നില്‍. പിടിയിലായ മൂന്നു പേരെയും കസ്റ്റംസ് കോടതിയില്‍ ഹാജരാക്കി.
കരിപ്പൂരില്‍ മൂന്ന് ദിവസം മുമ്പും യാത്രക്കാരനില്‍നിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മൂന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.